ബെംഗളുരു: പതിനാലുകാരനായ മകന്‍റെ മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണിയെ ചൊല്ലി പിതാവുമായുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. മകനെ പിതാവ് ദാരുണമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. ബെംഗളുരുവിലെ യലചെനഹള്ളി നിവാസിയായ രവികുമാറാണ് മകന്‍ തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊന്നത്.
ഈ മാസം പതിനഞ്ചിന് ആണ് സംഭവം. കുട്ടിയുടെ തല നിരവധി തവണ ഭിത്തിയില്‍ ഇടിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് തേജസിന് ബോധം നഷ്‌ടമായി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വേദനയും അസ്വസ്ഥതകളും സഹിക്കാനാകാഞ്ഞതോടെ തേജസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് തേജസ് മരണത്തിന് കീഴടങ്ങി.
അമിതമായ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തേജസും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ലോകേഷ് ബി ജഗലേശ്വര്‍ പറഞ്ഞു. തേജസ് നിത്യവും സ്‌കൂളിലും എത്തിയിരുന്നില്ല. ഇതിലും മാതാപിതാക്കള്‍ അസ്വസ്ഥരായിരുന്നു. തേജസിന് മോശം കൂട്ടുകെട്ടുമുണ്ടായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫോണ്‍ പ്രവര്‍ത്തന രഹിതമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫോണ്‍ ശരിയാക്കി നല്‍കണമെന്ന ആവശ്യവുമായി തേജസ് മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഇത് വലിയ തര്‍ക്കത്തിലേക്ക് നീണ്ടു. ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചു.
'മര്‍ദനത്തില്‍ അവശനായ തേജസിന് രാവിലെ എട്ട് മണി മുതല്‍ തന്നെ അസ്വസ്ഥതകളുണ്ടായി. ഇത് അഭിനയമാണെന്ന് കരുതി മാതാപിതാക്കള്‍ ഗൗനിച്ചില്ല. പിന്നീട് തീരെ വയ്യായെന്ന് മനസിലായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും പുറത്തും നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്‌തു' പൊലീസ് അറിയിച്ചു.
മാതാപിതാക്കള്‍ കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.
Also Read:അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ