അംബാല:ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കര്‍ഷകന്‍ ഹൃദായാഘാതം മൂലം മരിച്ചു.ഗിയാന്‍ സിംഗ് എന്ന 63 കാരനാണ് മരിച്ചത്. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ഇന്നാണ്(16-02-2024) സംഭവം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഗ്യാന്‍ സിംഗിനെ രാജ്‌പുയിലെ സിവില്‍ ആശുപത്രിയിലും തുടര്‍ന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ നിന്നുള്ള കര്‍ഷകനായ ഗ്യാന്‍ സിംഗ് രണ്ടുദിവസം മുമ്പാണ് കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി ശംഭു അതിര്‍ത്തിയില്‍ എത്തിയത്.
അതേ സമയം,സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം)യും കേന്ദ്ര ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്‌ത ഗ്രാമീണ ഭാരത് ബന്ദ് തുടരുകയാണ്. രാവിലെ 6 മുതല്‍ വൈകുന്നേരം 4 വരെയാണ് ബന്ദ്.
കേന്ദ്രമന്ത്രിമാരുമായി കര്‍ഷക നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരടങ്ങിയ സംഘം ഇന്നലെ 5 മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്.
ചണ്ഡീഗഢിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വിളകള്‍ക്ക് മിനിമം താങ്ങുവില എന്ന നിയമം കൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ചയും (നോണ്‍-പൊളിറ്റിക്കല്‍) കിസാൻ മസ്ദൂർ മോർച്ചയും ചൊവ്വാഴ്ചയാണ് ഡല്‍ഹി ചലോ എന്ന പേരില്‍ മാര്‍ച്ച് ആരംഭിച്ചത്. ശംഭു അതിര്‍ത്തിയിലും ഖനൗരി അതിര്‍ത്തിയിലും കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. കര്‍ഷക നേതാക്കളുമായി നാലാം വട്ട ചര്‍ച്ച ഞായറാഴ്ച നടക്കും.