ന്യൂഡല്‍ഹി: ഭഗവാന്‍ രാമന്‍ എല്ലാവരുടെയും ആണെന്നും ബിജെപിക്ക് രാമന് മേല്‍ കുത്തകാവകാശം സ്ഥാപിക്കാനാകില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. എത്ര ശ്രമിച്ചാലും ഒരു മതത്തിന് മേലും ബിജെപിയ്ക്ക് കുത്തക സ്ഥാപിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തി പോരാടുമെന്നും, വൈകാരിക വിഷയങ്ങള്‍ക്കല്ല തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തിന് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് പിടിഐയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ നാനൂറിലേറെ സീറ്റുകള്‍ എന്ന മുദ്രാവാക്യം പരാജയഭീതിയില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം വട്ടം അധികാരത്തിലെത്തിയാല്‍ ആദ്യ നൂറ് ദിനം ചെയ്യാനുള്ള കര്‍മ്മപദ്ധതിയെക്കുറിച്ച് ബിജെപി പറയുന്നുണ്ട്. പക്ഷേ കഴിഞ്ഞ പത്ത് കൊല്ലത്തെ ഒരു റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കി നല്‍കുന്നതിനെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ രാഷ്‌ട്രീയ കക്ഷികള്‍ക്കും ഏതറ്റം വരെ പോകാമെന്നതിനെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ പ്രതിപക്ഷ കക്ഷിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്താതാണെന്നായിരുന്നു കോണ്‍ഗ്രസ് 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന നോട്ടീസിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. ഇത് ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെയാണെങ്കിലും തനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്. ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിക്കും.
ബിജെപിക്ക് ഒരു പിന്നോട്ട് പോക്ക് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് രാജസ്ഥാനില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റ് അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളെ ഇപ്പോള്‍ ബാധിക്കുന്നതും ഭാവിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതുമായ വിഷയങ്ങളിലൂന്നിയാകും തെരഞ്ഞെടുപ്പെന്നും പൈലറ്റ് പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് അതിലൊന്ന്. യുവാക്കളും സ്‌ത്രീകളും കര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങൾ മുന്നോട്ട് കൊണ്ടുവരും. താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പുണ്ടാകണം. ഒരു ശരാശരി വോട്ടര്‍ക്ക് വേണ്ടത് ഇതൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതം, ഹിന്ദു-മുസ്‌ലിം, മന്ദിര്‍-മസ്‌ജിദ് വിഷയങ്ങളില്‍ ഊന്നിയുള്ള ഒരു തെരഞ്ഞെടുപ്പ് അജണ്ട ഇന്ത്യന്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന് താന്‍ കരുതുന്നില്ല. സാമ്പത്തിക നയം, തൊഴില്‍ സൃഷ്‌ടിക്കല്‍, പണപ്പെരുപ്പം കുറയ്ക്കല്‍, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഭാവി തുടങ്ങിയവയിലൂന്നിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായാകും മുന്നോട്ട് പോകുക.
എല്ലാ രാഷ്‌ട്രീയ കക്ഷികളും അംഗീകരിച്ച ഒരു സുപ്രീം കോടതി വിധിക്ക് ശേഷമാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. സുപ്രീം കോടതിയുടെ തീരുമാനമാണ് അവിടെ നടപ്പായത്. എല്ലാവരെയും പോലെ കോണ്‍ഗ്രസും അത് അംഗീകരിച്ചു. എല്ലാ തര്‍ക്കങ്ങളും ഇല്ലാതാകാന്‍ അത് സഹായകമായി. അത് കൊണ്ടു തന്നെ ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ ഫലമായല്ല ക്ഷേത്ര നിര്‍മ്മാണം സാധ്യമായത്. തങ്ങള്‍ എല്ലാവരും ക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്‌തിരുന്നു. എന്നാല്‍ അതിനെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കരുത്. വൈകാരികമായ ഈ വിഷയത്തെ രാഷ്‌ട്രീയ ഭിന്നിപ്പിനും ഉപയോഗിക്കാന്‍ പാടില്ല. രാജ്യവും മതവും രണ്ട് വ്യത്യസ്‌ത ഘടകങ്ങളാണെന്നും പൈലറ്റ് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ വിധി എഴുതും മുമ്പ് ഇത്തരം നടപടികള്‍ ശരിയല്ലെന്നാണ് അടുത്ത സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതികളെക്കുറിച്ച് പൈലറ്റ് പ്രതികരിച്ചത്. ആരാകും ഭരിക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്‌മ റെക്കോഡിലെത്തിച്ചതിനും, പണപ്പെരുപ്പം അങ്ങേയറ്റമാക്കിയതിനും, കാര്‍ഷിക പ്രതിസന്ധിക്കും, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചതിനും സര്‍ക്കാര്‍ മറുപടി നല്‍കിയേ തീരൂ.
തെരഞ്ഞെുടുപ്പ് സുതാര്യമായും സത്യസന്ധമായും വിശ്വാസ്യതയോടെയും നടക്കണം. രാജ്യത്ത് ആഴത്തില്‍ വേരോടിയിട്ടുള്ള ജനാധിപത്യത്തിന്‍റെ പ്രതിഫലനമാകണമത്. 2019ല്‍ ഇന്ത്യാ ബ്ലോക്കിലെ കക്ഷികളുടെ വോട്ട് പങ്കാളിത്തം 65 ശതമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡിഎയ്ക്ക് കേവലം 35 ശതമാനം വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തെ നേതാക്കളെ ഇറക്കാനാണ് ഇപ്പോളവരുടെ ശ്രമം. 400 സീറ്റ് കിട്ടുമെന്ന് ഇവര്‍ക്ക് ഇത്രമാത്രം ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് മറ്റ് കക്ഷികളിലെ നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്.
Also Read:തെരഞ്ഞെടുപ്പ് അടുക്കെ 'കച്ചത്തീവ്' എടുത്തിട്ട് മോദി, ഇന്ദിരാഗാന്ധി വെറുതെ വിട്ടുകൊടുത്തോ ?; 'തര്‍ക്കദ്വീപി'നെക്കുറിച്ച് അറിയാം - KATCHATHEEVU ISSUE HISTORY
ഛത്തീസ്‌ഗഡില്‍ ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ ഇക്കുറി ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ പതിനൊന്ന് സീറ്റുകളില്‍ ഭൂരിപക്ഷവും സ്വന്തമാക്കാന്‍ കോണ്‍ഗ്രസിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ സംഖ്യ താനിപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.