ഹൈദരാബാദ് :മദ്യനയ അഴിമതി കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍. ഇന്ന് (മാര്‍ച്ച് 15) ഉച്ചയോടെ ഇഡി കവിതയെ കസ്റ്റഡിയിലെടുക്കുകയും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയില്‍വച്ചാണ് കവിതയെ അറസ്റ്റ് ചെയ്‌തത്.
കവിതയുടെ വീട്ടില്‍ ഇഡിയും ഐടി വകുപ്പും റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറിയതിന്‍റെ മറവില്‍ കോടി കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഇഡി കണ്ടെത്തിയിട്ടുണ്ട്. കവിതയുടെ കൂട്ടാളിയായ മദ്യവ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ള നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കവിതയും പിടിയിലാവുന്നത്.
ജൂബിലി ഹില്‍സില്‍ നാടകീയ രംഗങ്ങള്‍:കവിത അറസ്റ്റിലായതിന് പിന്നാലെ സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റുമായ കെടി രാമറാവു ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അറസ്റ്റിന് പിന്നാലെ കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് കെടിആര്‍ ചോദ്യം ചെയ്‌തു.
ട്രാന്‍സിറ്റ് വാറന്‍റ് കാണണമെന്ന് ആവശ്യപ്പെട്ട് കെടിആര്‍ ഇഡി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് (മാര്‍ച്ച് 15) രാത്രിയോടെ കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.