ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സുപ്രിം കോടതിയെ സമീപിച്ച് ഡൽഹി സർക്കാർ. കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന് ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഡൽഹി സർക്കാർ സുപ്രീം കോടതില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
ഡൽഹിയുടെ വിഹിതം ഹരിയാന വിട്ടുനൽകുന്നില്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജല സേചന വകുപ്പ് മന്ത്രി അതിഷി പ്രതികരിച്ചിരുന്നു. വ്യാഴായ്‌ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി വിഷയത്തില്‍ സംസാരിച്ചത്.
"ഡൽഹി ഒരു അടിയന്ത സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. പ്രതിസന്ധിയെ നേരിടാൻ അടിയന്തര നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയുടെ ജല വിഹിതം ഹരിയാന വിട്ടുനൽകാത്തതിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കും" - മന്ത്രി പറഞ്ഞു.
ഡൽഹി ജല വകുപ്പിന്‍റെ ഒരു സെൻട്രൽ വാട്ടർ ടാങ്കർ കൺട്രോൾ റൂം ആരംഭിക്കുകയാണെന്നും ഇത് ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥൻ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യതലസ്ഥാനത്ത് പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തിയിരിക്കുന്ന സമയത്താണ് ജലപ്രതിസന്ധി. കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസാണ്.
ALSO READ:കേരളത്തിൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്