ചണ്ഡീഗഢ് :കേന്ദ്രമന്ത്രിമാരുമായി നടന്ന കര്‍ഷക നേതാക്കളുടെ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുാനമാകാതെ പിരിയുകയായിരുന്നു. ഇതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു (Farmer leaders express concern over forces' actions against protestors).
കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ (15-02-2024) മൂന്നാം വട്ടവും ചർച്ച നടത്തിയത്. ചണ്ഡീഗഢിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷക സംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിന് കൃത്യമായ മറുപടിയുണ്ടായില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.
പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസിന്‍റെ നടപടികളില്‍ കര്‍ഷക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതിനെതിരെ കർഷകർ കേന്ദ്രത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ മന്ത്രിമാർക്കുമുന്നിൽ കണ്ണീർവാതക ഷെല്ലുകളും കാണിച്ചു. അതിർത്തി പൂർണമായി അടച്ചതും ഇന്‍റർനെറ്റ് റദ്ദാക്കിയതുമെല്ലാം ചർച്ചയിൽ വിഷയമായി.