ഇംഫാല്‍ : മണിപ്പൂരില്‍ കുക്കി തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാൻമാര്‍ കൊല്ലപ്പെട്ടതായി പൊലീസ്. വോട്ടെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബിഷ്‌ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരിക്കുന്ന സിആർപിഎഫ് 128-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം പുലര്‍ച്ചെ 2:15ഓടെയുണ്ടായ ആക്രമണത്തിലാണ് രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.
ഏപ്രില്‍ 19ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മണിപ്പൂരില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശേഷിച്ച സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സമാധാനപരമായി തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി.