ന്യൂഡല്‍ഹി :സംവരണം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്ത്. തങ്ങള്‍ക്ക് യാതൊരു സംവരണ വിരുദ്ധ നിലപാടുകളുമില്ല. എന്ന് മാത്രമല്ല തങ്ങള്‍ സംവരണ പരിധി വര്‍ധിപ്പിക്കുമെന്നാണ് രാഹുല്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നും അദ്ദേഹം ആരാഞ്ഞു. സംവരണ പരിധി വര്‍ധിപ്പിക്കുന്നതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അമിത് ഷാ അത് പരസ്യമായി പറയണം. ഇതിന് തങ്ങള്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും പവന്‍ ഖേര പറഞ്ഞു.
രാഹുല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിെര അമിത് ഷാ നടപടിയെടുക്കാനും പവന്‍ ഖേര ആവശ്യപ്പെട്ടു. ബിജെപി ഇതിന് മുമ്പ് ഇല്‍ഹാന്‍ ഒമറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരെ കാണുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെങ്കില്‍ വിദേശകാര്യവകുപ്പിന് ഈ കൂടിക്കാഴ്‌ചയെ വിമര്‍ശിക്കാമെന്നും അദ്ദേഹത്തെ വിളിച്ച് വരുത്താമെന്നും ഖേര പറഞ്ഞു.
നേരത്തെ വാഷിങ്ടണില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കവെ സംവരണം ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നതായി അമിത് ഷാ ആരോപിച്ചു. ഇതിലൂടെ കോണ്‍ഗ്രസിന്‍റെ സംവരണ വിരുദ്ധ മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മനസിലുള്ള ചിന്തകളാണ് വാക്കുകളായി പുറത്തേക്ക് വരുന്നത്. ബിജെപി ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും സംവരണം ഇല്ലാതാക്കാനോ ദേശ സുരക്ഷ അട്ടിമറിക്കാനോ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയോട് താന്‍ പറയുകയാണ് എന്നും അമിത് ഷാ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാഹുലിന്‍റെ പ്രസംഗം ശരിക്കും കേള്‍ക്കാത്തവരാണ് അദ്ദേഹത്തെ കുറ്റം പറയുന്നത് എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്‍റെ ഗുര്‍ദീപ് സിങ് സപ്പലും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പ്രതിരോധം തീര്‍ത്തു. രാഹുലിന്‍റെ പ്രസംഗം ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രാഹുലിന്‍റെ പ്രസംഗം ശരിക്കും കേള്‍ക്കാത്തവരാണ്. അവര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ആര്‍എസ്എസിനെക്കുറിച്ച് അറിയാത്തവരാണ്.
ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ആര്‍എസ്എസിന്‍റെ സംഭാവനയാണ് കോണ്‍ഗ്രസിന്‍റേതല്ല. ഒരു രാഷ്‌ട്രം, ഒരു മതം, ഒരു പതാക എന്നതും ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. ആര് എന്ത് കഴിക്കണമെന്നും ധരിക്കണമെന്നും ആര്‍എസ്‌എസ് തീരുമാനിക്കുന്നുവെന്നും സപ്പല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇങ്ങനെ ആരോടും പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം നല്‍കിയെന്നും സപ്പല്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി കഴിയാനാകുന്നുണ്ടെങ്കില്‍ അതും കോണ്‍ഗ്രസ് കാരണമാണ്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും എനിക്ക് സിഖുകാരെപ്പോലെ വസ്‌ത്രം ധരിക്കാനും സാധിക്കുന്നുവെങ്കില്‍ അതിന് കാരണവും കോണ്‍ഗ്രസാണ്.
1950ല്‍ ആര്‍എസ്എസ് വിജയിച്ചിരുന്നെങ്കില്‍ അവര്‍ ഇവിടെ ഹിന്ദുത്വ അജണ്ട നടപ്പാക്കിയേനെ. കോണ്‍ഗ്രസിന്‍റെ തത്വശാസ്‌ത്രം ഒന്ന് കൊണ്ട് മാത്രമാണ് ജനങ്ങള്‍ ഇവിടെ സ്വതന്ത്രരായി കഴിയുന്നത് എന്നാണ് രാഹുല്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ പരമാര്‍ഥമാണ്. തങ്ങള്‍ക്ക് പക്ഷേ ഇപ്പോള്‍ ആര്‍എസ്എസ് പ്രത്യശാസ്‌ത്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ട്. ജനങ്ങളും ഈ ഭീഷണി തിരിച്ചറിയുന്നുണ്ട്. അത് കൊണ്ട് തന്നെ അവര്‍ കോണ്‍ഗ്രസിന്‍റെ തത്വസംഹിതകളിലേക്ക് നീങ്ങുന്നുവെന്നും സപ്പല്‍ കൂട്ടിച്ചേര്‍ത്തു.
Also Read:കോൺഗ്രസ് പരസ്യമായി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നു; രാഹുൽ ഗാന്ധി ഇൽഹാൻ ഒമറെ കണ്ടത് ദേശവിരുദ്ധമെന്ന് ബിജെപി