എറണാകുളം: നമ്പി നാരായണനെ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനാ കേസ് കുറ്റ പത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സിബിഐ. ചാരക്കേസ് മുഴുവനായും കെട്ടിച്ചമച്ചത് അന്ന് സിഐ ആയിരുന്ന എസ് വിജയനായിരുന്നുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ സിബിഐ വ്യക്തമാക്കി. ഒരു തെളിവുമില്ലാതെയാണ് ചാരക്കേസില്‍ നമ്പി നാരായണനേയും മറ്റുള്ളവരേയും പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിന് ബലം നല്‍കാന്‍ വ്യാജ രേഖകള്‍ സൃഷ്‌ടിച്ചത് സ്പെഷ്യല്‍ ടീമിലുണ്ടായിരുന്ന കെ കെ ജോഷ്വ ആയിരുന്നുവെന്നും സിബി ഐ കുറ്റപത്രത്തില്‍ പറയുന്നു.
മറിയം റഷീദ:
മറിയം റഷീദയുടെ വിമാന ടിക്കറ്റും പാസ്പോർട്ടും പിടിച്ച് വച്ച ശേഷം എസ് വിജയന്‍ കേസ് എടുത്തു എന്ന് കുറ്റപത്രം പറയുന്നു. മറിയം റഷീദയെ ഹോട്ടൽ മുറിയിൽ വച്ച് കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതാണ് കേസ് എടുത്തതിന് കാരണമായി സിബിഐ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളൊന്നുമില്ലാതെയാണ് ഇവര്‍ക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ കേസെടുപ്പിച്ചത്.
അറസ്റ്റ് രേഖപ്പെടുത്താതെ അന്യായ കസ്റ്റഡിയില്‍ വച്ച് ഇവരെ ചോദ്യം ചെയ്യാന്‍ ഐബിക്ക് കൂടി അവസരമൊരുക്കി. കുറ്റം സമ്മതിപ്പിക്കാന്‍ മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുക പോലും ചെയ്തെന്ന് കുറ്റ പത്രം പറയുന്നു.
സാക്ഷി മൊഴികള്‍:
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഗൂഢാലോചനാ കേസ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. ചാരക്കേസ് അന്വേഷണത്തിന് ഒന്നാം പ്രതിയും അന്നത്തെ സിഐയുമായിരുന്ന എസ് വിജയനെ ഔദ്യോഗികമായിചുമതലപ്പെടുത്തിയിരുന്നില്ല എന്ന് സഹപ്രവർത്തകന്‍ സുരേഷ് ബാബു മൊഴി നല്‍കി.
ചാരക്കേസിന്‍റെ വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകിയത് ഒന്നാം പ്രതി എസ് വിജയൻ ആയിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകരും മൊഴി നല്‍കിയിരുന്നു. ചാരക്കേസ് എടുക്കാൻ നിർദേശിച്ചത് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു എന്ന എസ് വിജയന്‍റെ വാദം കളവായിരുന്നു എന്നും സിബിഐ കുറ്റ പത്രം വ്യക്തമാക്കുന്നു. മുൻ എ പി പി ഹബീബുള്ളയുടെ മൊഴി ഇക്കാര്യം സാധൂകരിക്കുന്നു.
നമ്പി നാരായണന്‍:
നമ്പി നാരായണന് ക്രൂരമായി മർദനം ഏറ്റിരുന്നെന്നും ഇനിയും മർദിച്ചിരുന്നു എങ്കിൽ അയാൾ മരിക്കുമായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ശ്രീകൃഷ്‌ണ ഹോസ്പിറ്റൽ ഉടമ വി.സുകുമാരന്‍റെ മൊഴിയിലുണ്ട്.
പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന നമ്പി നാരായണനെ ഐ ബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ അവശനായിരുന്നു. നമ്പി നാരായണനെ പരിശോധിക്കുവാൻ ഡോക്‌ടർ സുകുമാരനെ കൂട്ടി വന്നത്, താനായിരുന്നു എന്ന് റിട്ട. എസ്‌പി ബേബി ചാൾസ് മൊഴി നൽകിയിട്ടുണ്ട്.
ജയപ്രകാശ് എന്ന മുൻ ഐബി ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ വച്ച് നമ്പി നാരായണനെ മർദിച്ചതായും കുറ്റപത്രത്തിലുണ്ട്. ചാരപ്രവർത്തനം നടന്നതായി യാതൊരു തെളിവും കണ്ടെത്താൻ ആയില്ലെന്ന് മുൻ ഇൻറലിജൻസ് ബ്യൂറോ അസിസ്റ്റന്‍റ് ഡയറക്ടർ വിനോദ് കുമാർ മൊഴി നൽകിയിരുന്നു.
തെളിവുകളൊന്നും കൂടാതെയാണ് രണ്ടാം പ്രതി അന്ന് ഡി ഐജിയായിരുന്ന രണ്ടാം പ്രതി സിബി മാത്യൂസ് നമ്പി നാരായണനെ അറസ്റ്റ് ചെയ്‌തത്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക അന്വേഷണ സംഘം, ഐബി എന്നിവയിലെ അഞ്ചു പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.
Also Read:ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചനയുമായി സിബിഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കോടതി