റായ്‌പൂർ: നാരായൺപൂർ-ദന്തേവാഡ അതിർത്തിയില്‍ സുരക്ഷ സേന നടത്തിയ ഓപ്പറേഷനിൽ സന്തോഷം പ്രകടിപ്പിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്. ഛത്തീസ്‌ഗഡിൽ നക്‌സലിസം അവസാനിക്കുമെന്നും സമാധാനം പുലരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നമ്മുടെ സൈന്യം മികച്ച വിജയം കൈവരിച്ചു. 31 നക്‌സലുകൾ കൊല്ലപ്പെട്ടു. 29 എന്ന മുൻ റെക്കോർഡ് ഇത്തവണ നമ്മുടെ സൈനികർ തകർത്തു.
അതിനാൽ നമ്മുടെ സൈനികരെ അഭിനന്ദിക്കുക, അവരുടെ ധീരതയെ അഭിനന്ദിക്കുക. തീർച്ചയായും ഒരു ദിവസം നക്‌സലിസം അവസാനിക്കുകയും ഛത്തീസ്‌ഗഡിൽ സമാധാനം പുലരുകയും ചെയ്യും.'- വിഷ്‌ണു ദേവ് സായ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നാരായണപൂർ-ദന്തേവാഡ അതിർത്തിയിലെ മാദ് പ്രദേശത്ത് നിന്ന് 33 നക്‌സലുകളുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഡിആർജി ദന്തേവാഡ, ഡിആർജി നാരായൺപൂർ, എസ്‌ടിഎഫ് ടീമുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നക്‌സലേറ്റുകളെ വധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്‍പതോളം നക്‌സലൈറ്റുകൾ കാട്ടില്‍ യോഗം ചേരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സേന വനത്തിലെത്തി നക്‌സലുകളെ വളഞ്ഞത്. സുരക്ഷ ഉദ്യോഗസ്ഥരും നക്‌സലൈറ്റുകളും തമ്മിൽ രണ്ട് ദിവസത്തോളം കനത്ത വെടിവെപ്പ് നടന്നു. നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും സൈന്യം കണ്ടെടുത്തിട്ടുണ്ട്. തെരച്ചിൽ പൂർത്തിയാക്കി സൈന്യം മടങ്ങുകയാണെന്ന് ദന്തേവാഡ എസ്‌പി ഗൗരവ് റായ് അറിയിച്ചു.
അതേസമയം, മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളുടെ സുരക്ഷയും വികസനവും അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷായുടെ അധ്യക്ഷതയില്‍ ഒക്‌ടോബർ 7 ന് യോഗം ചേരും. 2026 മാർച്ചിന് മുമ്പ് ഇടതുപക്ഷ തീവ്രവാദം രാജ്യത്ത് നിന്ന് പൂർണ്ണമായും തുടച്ചുനീക്കുമെന്നാണ് അമിത് ഷാ റായ്പൂരിൽ നടത്തിയ ഒരു വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
Also Read:ബസ്‌തറില്‍ നടന്നത് ഛത്തീസ്‌ഗഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്‌റ്റ് വേട്ട; കണക്കുകള്‍ പറയുന്നത് ഇങ്ങനെ...