മംഗളൂരു :സ്‌കൂള്‍ വിദ്യാർഥികളെ ജയ് ശ്രീറാം വിളിക്കാൻ പ്രേരിപ്പിച്ചതിന് കർണാടകയിലെ രണ്ട് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ് (forcing students to chant Jai Shri Ram). ബിജെപി എംഎൽഎമാരായ വേദവ്യാസ് കാമത്ത്, വൈ ഭരത് ഷെട്ടി, സിറ്റി കോർപറേറ്റർമാരായ സന്ദീപ് ഗരോഡി, ഭരത് കുമാർ, ബജ്‌റംഗ്‌ദൾ നേതാവ് ശരൺ പമ്പ്‌വെൽ എന്നിവർക്കെതിരെയാണ് മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തത് (Case against two BJP mlas). സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂളിൽ ഫെബ്രുവരി 12നാണ് സംഭവം (St Gerosa school issue).
സ്‌കൂളിലെ അധ്യാപിക ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സെൻ്റ് ജെറോസ സ്‌കൂളിന് മുന്നിൽ പ്രതികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, തങ്ങളിൽ നിന്ന് വിശദീകരണം തേടാതെയാണ് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തിയതെന്നാണ് സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂൾ മാനേജ്‌മെൻ്റിന്‍റെ പ്രതികരണം. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം വിളിക്കാൻ വിദ്യാർഥികളെ ഇവർ നിർബന്ധിച്ചു, ക്രിസ്ത്യൻ മതത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇരുസമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തി എന്നിങ്ങനെയാണ് ഇവർക്കെതിരെയുള്ള ആരോപണം.
ദക്ഷിണ കന്നഡ ജില്ലയിലെ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികൾ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുമെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 143, 153 എ, 295 എ, 505 (2), 506, 149 എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.