സൂറത്ത്:ഗുജറാത്തിലെ വജ്ര നഗരമായ സൂറത്തില്‍ നിന്ന് ഒരു ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ വാര്‍ത്ത. മാളില്‍ വച്ച് ഒരാള്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ വ്യവസായിയെ ആക്രമിച്ച ശേഷം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. നാല്‍പ്പതുകാരനായ വസ്‌ത്രവ്യാപാരി സാഗര്‍ നവേതിയ എന്ന ആളാണ് ആക്രമണത്തിനിരയായത്. സ്‌റ്റേഷനിലെത്തിച്ച സാഗര്‍ കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഒന്‍പതുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകികളെ പിടികൂടാന്‍ സഹായകമായത്. അമന്‍, രാകേഷ്, അക്ഷയ്, അനുപം, വീര്‍ കല്‍പേഷ്ഭായ്, നിതിന്‍ഭായ്, സുരേഷ്ഭായ്, തുഷാരഭായ്, ധര്‍മ്മേഷ് ഭായ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്.
ഈ മാസം പതിനാറിനാണ് സൂറത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വെസു മേഖലയിലെ വെസ്‌റ്റ് കോംപ്ലക്‌സില്‍ ഒരാൾ പെണ്‍കുട്ടിയെ അപമാനിച്ചെന്ന് പറഞ്ഞ് ഒരു ഫോണ്‍കോള്‍ വരുന്നത്. തുടര്‍ന്ന് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട വസ്‌ത്ര വ്യാപാരിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിനിടെ ഇയാൾ തനിക്ക് നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ന്യൂ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇയാളെ ആക്രമിച്ചതായി വ്യക്തമായത്. തുടര്‍ന്നാണ് അവരില്‍ ചിലരെ അറസ്‌റ്റ് ചെയ്‌തത്.
അറസ്‌റ്റിലായവര്‍ മാളിലെ കടകളിലെ ഉടമകളോ ജീവനക്കാരോ ആണ്. പെണ്‍കുട്ടിയെ അപമാനിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്‌തതോടെയാണ് ആളുകള്‍ കൂടുകയും ഇയാളെ ആക്രമിക്കുകയും ചെയ്‌തത്. ആദ്യം ഒരു സംഘം അക്രമിച്ച ശേഷം ഇയാളോട് ഇവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് മറ്റൊരു സംഘവുമെത്തി ഇയാളെ ആക്രമിച്ചു.
Also Read:ഉച്ചത്തില്‍ പാട്ടുവച്ചതിന് മൊബൈല്‍ കടക്കാരന് ക്രൂര മര്‍ദനം ; മൂന്ന് പേര്‍ അറസ്‌റ്റില്‍
സാഗറിന്‍റെ തലയില്‍ ശക്തിയേറിയ എന്തോ വച്ച് അടിച്ചതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മരണകാരണം. അമന്‍ എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ആദ്യം സാഗറിനെ ആക്രമിച്ചതെന്ന് ഡിസിപി വിജയ് സിങ് ഗുജ്ജര്‍ പറഞ്ഞു. പിന്നീട് അനുപം ഗോയല്‍ എന്ന ആളും അയാളുടെ ജീവനക്കാരുമെത്തി സാഗറിനെ വീണ്ടും മര്‍ദ്ദിച്ചു. അനുപം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് രാകേഷ് എന്നയാളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.