ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ആം ആദ്‌മി പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിക്കുന്ന ബിജെപി ആസ്ഥാനത്തേക്കുള്ള റോഡുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ഡൽഹി പൊലീസ്. ഇന്ന് (22-03-2024) രാവിലെയോടെയാണ് ഇവിടെ സുരക്ഷ ശക്തമാക്കിയത്. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്താൻ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ആം ആദ്‌മി പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധത്തെ മുൻനിർത്തി സെൻട്രൽ ഡൽഹിയിലൂടെയുള്ള വഴികൾ ഒഴിവാക്കണമെന്ന് ട്രാഫിക് പൊലീസ് യാത്രക്കാരോട് അഭ്യർഥിച്ചു (Security Beefed Up Near BJP Headquarters Delhi). സെൻട്രൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്കും, ഇഡി ഓഫിസിലേക്കും പോകുന്ന റോഡുകൾ അടച്ചു. അതേസമയം, എഎപിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഐടിഒ മെട്രോ സ്റ്റേഷൻ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
"ഡൽഹി പൊലീസിൻ്റെ ഉപദേശപ്രകാരം 2024 മാർച്ച് 22 ന് ഐടിഒ മെട്രോ സ്റ്റേഷൻ 08:00 AM മുതൽ 06:00 PM വരെ അടച്ചിടും" ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എക്‌സില്‍ പോസ്റ്റ് ചെയ്‌തു. ബിജെപി ആസ്ഥാനത്ത് ആളുകളെ അണിനിരത്താൻ ഡൽഹിയിലെ എല്ലാ എംഎൽഎമാരോടും കൗൺസിലർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ധാരാളം ആളുകൾ തെരുവിലിറങ്ങുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായും എഎപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള എഎപി പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്തിനും ഇഡി ഓഫിസിനും പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയതിനാൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു (Security Beefed Up Near BJP Headquarters Delhi).