ബെംഗളുരു: മെട്രോ സ്‌റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മെട്രോ അധികൃതര്‍ വ്യക്‌തമാക്കി. ബെംഗളുരുവിലെ ജലഹള്ളി മെട്രോ സ്‌റ്റേഷനില്‍ ആണ് സംഭവം.
സ്‌റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സ്‌ത്രീ പരാതിയുമായി മെട്രോ അധികൃതരെ സമീപിച്ചിരുന്നു. വെബ്സൈറ്റിലും ഇമെയിലിലുമാണ് ഇവര്‍ പരാതി നല്‍കിയത്. എന്നാല്‍ അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ പരാതി തങ്ങള്‍ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നാണ് 'നമ്മ മെട്രോ' അധികൃതര്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോപണ വിധേയനായ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഭിന്നശേഷിക്കാരനാണെന്നും, അതാകാം തനിക്ക് നേരെയുള്ള അപമര്യാദയായ പെരുമാറ്റമായി യുവതിക്ക് തോന്നിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. തുടരന്വേഷണങ്ങള്‍ നടക്കുകയാണെന്നും അവര്‍ പറയുന്നു. സ്‌ത്രീസുരക്ഷയ്ക്ക് നമ്മ മെട്രോ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജാജി നഗര്‍ മെട്രോ സ്‌റ്റേഷനിലും അടുത്തിടെ ഇത്തരമൊരു സംഭവമുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് മെട്രോ ഉദ്യോഗസ്ഥനെതിരെ സുബ്രഹ്മണ്യ നഗര്‍ പൊലീസ് കേസെടുത്തിരുന്നു. വനിത സുരക്ഷ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് അതിക്രമമുണ്ടായത്. അസിസ്‌റ്റന്‍റ് സെക്ഷന്‍ മാനേജര്‍ ഗജേന്ദ്രനും സുരക്ഷ കമ്പനി ഉടമ പ്രകാശ് നിട്ടൂരിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒരു സ്വകാര്യ ഏജന്‍സി വഴി സുരക്ഷ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന വനിതയാണ് പരാതി ഉയര്‍ത്തിയത്. ജോലിക്കിടെയാണ് ഇവരോട് അയാള്‍ മോശമായി പെരുമാറിയത്. താനടക്കമുള്ള നിരവധി വനിത ജീവനക്കാര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നതായും അയാള്‍ തന്‍റെ ശരീരത്തില്‍ കടന്ന് പിടിച്ചതായും ഇവര്‍ ആരോപിക്കുന്നു. എതിര്‍ത്തപ്പോള്‍ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായി. പിന്നീട് തനിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ത്തി മറ്റൊരു സ്‌റ്റേഷനിലേക്ക് മാറ്റിയെന്നും സുരക്ഷ ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.
Also Read:കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്‌ടര്‍ പിടിയില്‍
ഇതേക്കുറിച്ച് സുരക്ഷാ ഏജന്‍സി ഉടമ പ്രകാശിനോട് പരാതിപ്പെട്ടപ്പോള്‍ കഴിയുമെങ്കില്‍ സഹകരിച്ച് മുന്നോട്ട് പോകാനും, അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ചോളൂ എന്നുമായിരുന്നു മറുപടി. പിന്നീട് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.