ജയ്‌പൂര്‍: രാജസ്ഥാനിലെ അജ്‌മീറിലെ പ്രശസ്‌തമായ ഹോട്ടൽ ഖാദിമിന്‍റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോർപ്പറേഷന്‍റെ ഖാദിമി എന്ന ഹോട്ടലിന്‍റെ പേര് രാജസ്ഥാൻ സർക്കാർ 'അജയ്മേരു' എന്ന് പുനർനാമകരണം ചെയ്‌തു. നഗരത്തിന്‍റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റമെന്ന് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ വ്യക്തമാക്കി.
അജ്‌മീർ നോർത്തിൽ നിന്നുള്ള എംഎൽഎയും നിയമസഭാ സ്‌പീക്കറുമായ വാസുദേവ് ദേവ്‌നാനിയുടെ നിർദേശത്തെ തുടർന്നാണ് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) ഹോട്ടലിന്‍റെ പേര് മാറ്റിയത്. അജ്‌മീര്‍ ചരിത്രപരമായി 'അജയ്മേരു' എന്നാണ് അറിയപ്പെട്ടിരുന്നത്, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കോർപ്പറേഷൻ ഡയറക്‌ടര്‍ ബോർഡ് യോഗത്തിന് ശേഷം ആർടിഡിസി എംഡി സുഷമ അറോറയാണ് ഹോട്ടൽ ഖാദിമിന്‍റെ ‘അജയ്മേരു’ എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 'അജയ്‌മേരു' എന്ന പേരിന് വേരുകൾ ഏഴാം നൂറ്റാണ്ടിൽ മഹാരാജാ അജയ്‌രാജ് ചൗഹാൻ സ്ഥാപിച്ചതു മുതലാണ്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പുരാതന ചരിത്ര രേഖകളിലും ഭൂമിശാസ്ത്രപരമായ പരാമർശങ്ങളിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു.