നിസാമാബാദ് (തെലങ്കാന) :ഇരട്ടകൾ എന്നു പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓർമയിലെത്തുന്ന ഒരു സംഭാഷണമുണ്ട്. 'പേനകൊണ്ടു ഞാൻ കവിളിൽ കറുത്ത മറുകിട്ടിരിക്കുന്ന ഇവനാണ് അപ്പു, മറുകില്ലാത്തവൻ അച്ചു.' അണ്ണൻ തമ്പി എന്ന ചിത്രത്തിലെ സലീം കുമാറിന്റെ ഈ സംഭാഷണം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. സലീം കുമാർ കറുത്ത മറുകിട്ട് അച്ചുവിനെയും അപ്പുവിനെയും തിരിച്ചറിയുമ്പോൾ 19 ഇരട്ടജോഡികളെ തിരിച്ചറിയാൻ പാടുപെടുകയാണ് തെലങ്കാനയിലെ വിക്ടറി സ്കൂളിലെ അധ്യാപകർ.
കാഴ്ചയിൽ ഒരു പോലെ രൂപ സാദൃശ്യം, പഠനത്തിൽ ഒരുമിച്ച്, എന്നാൽ അവർ രണ്ടാണ്. നിസാമാബാദ് ജില്ലയിലെ ചന്ദൂർ മണ്ഡല് സെന്ററിലെ വിക്ടറി സ്കൂൾ ഇരട്ടകളാൽ കൗതുകമുണർത്തുകയാണ്. ഒന്നല്ല രണ്ടല്ല 19 ജോഡി ഇരട്ടകൾ. എൽകെജി മുതൽ 9-ാം ക്ലാസ്വരെ ആ പട്ടിക നീളും. ഒരേ മുഖം രണ്ട് തവണ കാണുമ്പോൾ ആരാണെങ്കിലും ആശയകുഴപ്പത്തിലാകും. 38 ഇരട്ട കുട്ടികളുളള വിക്ടറി സ്കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കും ഇതേ ആശയകുഴപ്പമുണ്ടാവാറുണ്ട്.