ഹൈദരാബാദ്: ക്വാൽകോമിന്‍റെ ഏറ്റവും പുതിയ പ്രോസസറായ സ്‌നാപ്‌ഡ്രാഗൺ 4s Gen 2 പ്രവർത്തിക്കുന്ന ഷവോമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ റെഡ്‌മി എ4 5ജി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ പ്രോസസറുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് ഷവോമി. ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ക്വാൽകോമുമായി സഹകരിച്ച് റെഡ്‌മി എ4 5ജി പുറത്തിറക്കുന്നതായി ഷവോമി വെളിപ്പെടുത്തിയത്.
സ്‌നാപ്‌ഡ്രാഗൺ 4s Gen 2 പ്രോസസറിൽ പുറത്തിറക്കിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ കൂടിയാണ് റെഡ്‌മി എ4 5ജി. 10,000 രൂപയിൽ താഴെയായിരിക്കും റെഡ്‌മി എ4 5ജിയുടെ വില എന്നാണ് വിവരം. കൂടാതെ 5G കണക്റ്റിവിറ്റി ആണ് ഫോണിന്‍റെ മറ്റൊരു ഫീച്ചർ.
5G കണക്റ്റിവിറ്റി:
ഇത്തരം എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഇന്ത്യയിൽ 5G കണക്റ്റിവിറ്റി കൂടുതൽ തങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ഷവോമി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 700 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ വിൽക്കാനാണ് ഷവോമി പദ്ധതിയിടുന്നത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വേഗതയുള്ള നെറ്റ്‌വർക്ക് എത്തിക്കുന്നത് വഴി രാജ്യത്തിന്‍റെ വളർച്ചയും സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്.