ഹൈദരാബാദ് :കൊടുംവേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. തീപാറുന്ന ചൂടിൽ വാഹനങ്ങളിൽ നിന്ന് പുക ഉയരുന്നതും കാറുകൾക്ക് തീപിടിക്കുന്നതും ഇരുചക്രവാഹനങ്ങളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നതും ദിനംപ്രതി കാണുന്ന കാഴ്‌ചയാണ്. വാഹനങ്ങളുടെ എഞ്ചിനിൽ നിന്ന് തീപ്പൊരി വന്ന് വൻ തീപിടിത്തം ഉണ്ടാകുമ്പോൾ അത് വാഹനത്തിലെ ഓവര്‍ലോഡ് കാരണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത്തരം കാര്യങ്ങൾ കൊണ്ടല്ല വാഹനങ്ങൾക്ക് തീപിടിക്കുന്നത്.
വിദഗ്‌ധർ പറയുന്നതനുസരിച്ച് വാഹനത്തിന് തീപിടിക്കാൻ പല കാരണങ്ങളുണ്ട്. ഇത്തരം തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും അവർ പറയുന്നു.
കാറുകളിൽ എന്തൊക്കെ ശ്രദ്ധിക്കണം :കാറുകളുടെ എഞ്ചിന്‍ തണുപ്പിക്കാൻ സംവിധാനമുണ്ട്. റേഡിയേറ്ററിൽ പുറമെ നിന്നുള്ള വെള്ളം കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശീതീകരണ നില താഴ്‌ന്നുനിൽക്കുകയാണെങ്കിൽ, അതിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് ശരിയാക്കണം. എഞ്ചിന് ചോർച്ചയുണ്ടെങ്കിൽ അത് നന്നാക്കണം. എഞ്ചിൻ അമിതമായി ചൂടാകുകയാണെങ്കിൽ, കൂളന്‍റിന് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയും മെക്കാനിക്കിനെ സമീപിച്ച് ശെരിയാക്കുകയും ചെയ്യണം.
കൂളന്‍റിനെപോലെ, കാറിലെ എഞ്ചിൻ ഓയിലിന്‍റെ കാര്യത്തിലും നല്ല ശ്രദ്ധ വേണം. പതിവായി ഓയിൽ പരിശോധിക്കേണ്ടതുണ്ട്. ഓയിൽ ചോർച്ചയുണ്ടായാലും വാഹനം അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ അമിതമായി ചൂടാകുന്നതും തീപിടുത്തമുണ്ടാകാൻ കാരണമാകും. എഞ്ചിൻ ഓയിലിന്‍റെ അളവ് കുറഞ്ഞാലും ചൂടാകും. നിർത്താതെ വാഹനമോടിക്കുന്നത് എഞ്ചിന് തകരാറു സംഭവിക്കാൻ കാരണമാകും.
കാറിന്‍റെ നാലു ചക്രങ്ങളും നന്നായി നിരീക്ഷിക്കണം. ചക്രങ്ങളുടെ കണ്ടിഷൻ നല്ലതല്ലെങ്കിൽ ടയറുകൾ ഉടൻ മാറ്റി പുതിയ ടയറുകൾ ഇടണം, ടയറുകളിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അധിക ലൈറ്റുകൾ, ഹോണുകൾ മുതലായവ കാറിൽ സ്ഥാപിക്കരുത്. കാറിൽ കമ്പനി നൽകിയിട്ടുള്ള ലൈറ്റുകൾ തന്നെയാണ് നല്ലത്. അല്ലാതെ ഘടിപ്പിക്കുന്ന ലൈറ്റുകളിലെ വയറുകൾ ഈടുനിൽക്കാത്തതും ഗുണമേന്മയില്ലാത്തവയുമാകാൻ സാധ്യതയുണ്ട് ഇത്തരം വയറുകൾ വഴി ബാറ്ററിയിൽ ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകും.