ഹൈദരാബാദ്:മൂന്നായി മടക്കാവുന്ന ട്രൈ ഫോൾഡ് ഫോൺ നിർമിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ മൊബൈൽ നിർമാതാക്കളായ സാംസങ്. ചൈനീസ് കമ്പനിയായ ഹുവായ് ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയതിന് പിന്നാലെയാണ് സാംസങിന്‍റെയും നീക്കം. സാംസങിന് അടുത്ത വർഷം തന്നെ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കാനാകുമെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.
സാംസങിന് പുറമെ ഷവോമി, ഹോണർ, ഓപ്പോ തുടങ്ങിയ കമ്പനികളും ട്രൈ ഫോൾഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണിനായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള ഫോണിന് 2,37,000 രൂപയാണ് പ്രാരംഭ വില.
ട്രൈ ഫോൾഡ് ഫോൺ വിപണിയിൽ നിലവിൽ എതിരാളികളില്ലാത്ത ഹുവായ് കമ്പനിയെ എതിരിടാനുള്ള ഒരുക്കത്തിലാണ് മറ്റ് പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാക്കൾ. എൻട്രി ലെവൽ ക്ലാംഷെൽ ശൈലിയിലുള്ള ഫോൾഡബിൾ ഫോണും ട്രൈ-ഫോൾഡ് മോഡലും നിർമിക്കാനായി സാംസങ് ഇലക്ട്രോണിക്‌സ് ആലോചിക്കുന്നതായാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രൈ-ഫോൾഡ് മോഡലിന് ആവശ്യമായ ഘടകങ്ങളുടെ നിർമാണം സാംസങ് ഇതിനകം പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്.