ഒടുവിൽ തങ്ങളുടെ സ്‌മാർട് റിങ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. വിരലിൽ ധരിക്കാവുന്ന സാംസങ് ഗാലക്‌സി റിങ് ഇന്ത്യയിൽ ഉടൻ ലഭ്യമാകുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. വിൽപ്പനയ്‌ക്ക് മുന്നോടിയായി സ്‌മാർട് റിങിന്‍റെ പ്രീ ബുക്കിങും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
സാംസങ് ഇന്ത്യ വെബ്‌സൈറ്റ് വഴി പരിമിതമായ 24 മണിക്കൂർ സമയത്തേക്കാണ് പ്രീ ബുക്കിങ് ലഭ്യമാവുക. ഇത് സ്‌മാർട് റിങിന്‍റെ ലോഞ്ചിങ് ഉടൻ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് കമ്പനി ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ജൂലൈയിൽ പാരീസിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിലാണ് ഗാലക്‌സി റിങ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗാലക്‌സി Z ഫോൾഡ്, Z ഫ്ലിപ്പ് 6 എന്നിവയും ഇതേ ഇവന്‍റിൽ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യത്തിനും ഫിറ്റ്‌നെസിനും പ്രാധാന്യം നൽകുന്ന ഫീച്ചറുകളോടെയാണ് സാംസങിന്‍റെ സ്‌മാർട് റിങ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ധരിക്കാവുന്ന ഈ റിങ് മൂന്ന് ഫിനിഷുകളിലും ഒമ്പത് വലുപ്പത്തിലും ലഭ്യമാണ്.
പ്രീ ബുക്കിങിന് പ്രത്യേക ഓഫർ: ഒക്‌ടോബർ 15 വരെയാണ് ഗാലക്‌സി റിങ് പ്രീ ബുക്കിങ് ചെയ്യാനാവുക. 1,999 രൂപയുടെ ടോക്കൺ എടുത്താണ് പ്രീ ബുക്കിങ് ചെയ്യേണ്ടത്. ടോക്കൺ തുക റീഫണ്ട് ചെയ്യുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 4,999 രൂപയുടെ കോംപ്ലിമെന്‍ററി വയർലെസ് ചാർജർ അധിക തുക നൽകാതെ തന്നെ ലഭ്യമാകും. കൂടാതെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകേണ്ട ആവശ്യവുമില്ല. ചാർജിങ് കേസും ഡാറ്റ കേബിളും സ്‌മാർട് റിങിനൊപ്പം ലഭ്യമാകും. ഗാലക്‌സി സ്‌മാർട് റിങ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ, മറ്റ് ഇ കൊമേഴ്‌ഷ്യൽ പ്ലാറ്റ്‌ഫോം വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
സ്‌മാർട് റിങിന്‍റെ വില: 399 ഡോളർ ആണ് ആഗോളതലത്തിൽ ഗാലക്‌സി റിങിന്‍റെ വില. ഇന്ത്യയിൽ ഏകദേശം 34,000 രൂപയായിരിക്കും വില. എന്നാൽ രാജ്യത്തെ ഔദ്യോഗിക വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തിയിട്ടില്ല. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് എന്നീ നിറങ്ങളിൽ റിങ് ലഭ്യമാവും.
5 മുതൽ 13 വരെ വലിപ്പത്തിലായിരിക്കും റിങ് ലഭ്യമാവുക. വെള്ളത്തിനെയും പൊടിയേയും പ്രതിരോധിക്കുന്ന IP68 റേറ്റിങും 10ATM റേറ്റിങും ഉള്ള ടൈറ്റാനിയം കൺസ്ട്രക്‌റ്റാണ് ഗാലക്‌സി റിങിൻ്റെ സവിശേഷത. മോതിരത്തിന്‍റെ ഏറ്റവും ചെറിയ വലിപ്പത്തിന് 2.3 ഗ്രാം ഭാരവും 7 മില്ലിമീറ്റർ വീതിയുമാണ് ഉള്ളത്. ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതിലൂടെ ഏഴ് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് പറയുന്നത്.
Also Read: ജിപിഎസ് ട്രാക്കർ, ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്‌പോർട്‌സ് മോഡുകൾ: നിരവധി ഫീച്ചറുകളുമായി റെഡ്‌മിയുടെ പുതിയ സ്‌മാർട്ട് വാച്ച് വിപണിയിൽ