3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ - S24 ENTERPRISE EDITION
എസ് 24, എസ് 24 അൾട്രാ മോഡലുകളുടെ എൻ്റർപ്രൈസ് എഡിഷൻ അവതരിപ്പിച്ചു. 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്, ഒരു വർഷത്തെ സൗജന്യ നോക്‌സ് സ്യൂട്ട് സബ്‌സ്‌ക്രിപ്‌ഷൻ എന്നിങ്ങനെ ഫീച്ചറുകളേറെ..
The Enterprise Edition is available to buy on Samsung's website (Credit: Samsung India)
ഹൈദരാബാദ്: സാംസങ് ഗാലക്‌സി എസ് 24, എസ് 24 അൾട്രാ മോഡലുകളുടെ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എഐ ഫീച്ചറുകളോടെയാണ് രണ്ട് മോഡലുകളും സാംസങ് വാഗ്‌ദാനം ചെയ്യുന്നത്. 3 വർഷത്തെ വാറന്‍റിയും 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റും ഒരു വർഷത്തെ നോക്‌സ് സ്യൂട്ട് സുരക്ഷ സബ്‌സ്‌ക്രിപ്‌ഷനുമാണ് എൻ്റർപ്രൈസ് എഡിഷന്‍റെ പ്രധാന സവിശേഷതകൾ.
സാംസങ് ഗാലക്‌സി എസ് 24 സ്‌പെഷ്യൽ എഡിഷന് 78,999 രൂപയാണ് ഇന്ത്യയിലെ വില. ഓനിക്‌സ് ബ്ലാക്ക് കളർ ഓപ്ഷനിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് ഈ ഫോൺ ലഭ്യമാവുക. അതേസമയം എസ് 24 അൾട്രായുടെ സ്‌പെഷ്യൽ എഡിഷന് 96,749 രൂപയാണ് വില. 12 ജിബി റാമിലും 256 ജിബി ഇന്‍റേണൽ സ്റ്റോറേജിലുമാണ് ഈ മോഡൽ ലഭ്യമാവുക. ടൈറ്റാനിയം ബ്ലാക്ക് ഷേഡിൽ ഫോൺ ലഭ്യമാവും. നിലവിൽ ഈ ഫോണുകൾ സാംസങിൻ്റെ കോർപ്പറേറ്റ് പ്ലസ് പ്രോഗ്രാം പോർട്ടൽ വഴി ഓൺലൈനായി വാങ്ങാൻ സാധിക്കും.
ഫീച്ചറുകൾ:
സ്‌പെഷ്യൽ പതിപ്പ് ഉപകരണത്തിന് മൂന്ന് വർഷത്തെ വാറൻ്റി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ എൻ്റർപ്രൈസ് എഡിഷൻ ഒരു വർഷത്തെ സാംസങ് നോക്‌സ് സ്യൂട്ട് സബ്‌സ്‌ക്രിപ്‌ഷനും നൽകും. മിക്ക സാംസങ് മൊബൈലുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള സുരക്ഷാ ഫീച്ചറാണ് സാംസങ് നോക്‌സ്. രണ്ടാം വർഷം മുതൽ സബ്‌സ്‌ക്രിപ്‌ഷന് 50 ശതമാനം സബ്‌സിഡിയും ലഭിക്കും. കൂടാതെ 7 വർഷത്തെ ഉറപ്പായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റും മാൽവെയറിൽ നിന്നുള്ള സംരക്ഷണവും ലഭിക്കും. ഗൂഗിളിൽ സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്‌ലേറ്റ്, ഇൻ്റർപ്രെറ്റർ, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ചാറ്റ് അസിസ്റ്റ് തുടങ്ങിയ ഗാലക്‌സി എഐ ഫീച്ചറുകളാണ് എൻ്റർപ്രൈസ് പതിപ്പിൽ ലഭ്യമാവുന്ന മറ്റ് ഫീച്ചറുകൾ.
ഫോണിന്‍റെ ഡിസൈനും മറ്റ് ഫീച്ചറുകളും മുൻമോഡലിന് സമാനമാണ്. 6.2 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, എക്‌സിനോസ് 2400 SoC, 4,000 mAh ബാറ്ററി എന്നീ ഫീച്ചറുകളാണ് ഗാലക്‌സി എസ്24ൽ നൽകിയിരിക്കുന്നത്. അതേസമയം എസ് 24 അൾട്രാ മോഡലിന് 6.8 ഇഞ്ച് എഡ്‌ജ് ക്യൂഎച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനും, 1-120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് എസ്24 അൾട്രായ്ക്ക് കരുത്തേകുന്നത്. 5,000 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.
ക്യാമറ ഫീച്ചർ പരിശോധിക്കുമ്പോൾ, 50എംപി പ്രൈമറി വൈഡ് സെൻസർ, 12എംപി അൾട്രാവൈഡ് സെൻസർ, 10എംപി ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് എസ്24 വരുന്നത്. അതേസമയം, എസ് 24 അൾട്രാ മോഡലിൽ 200എംപി പ്രൈമറി വൈഡ് സെൻസർ ക്വാഡ് ക്യാമറ, 12എംപി അൾട്രാ വൈഡ് സെൻസർ, 10എംപിയും 50എംപിയും റെസല്യൂഷനുള്ള രണ്ട് ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഫീച്ചർ ചെയ്യുന്നത്.