ഹൈദരാബാദ്:വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളാണ് നത്തിങ്. തങ്ങളുടെ മിഡ് റേഞ്ച് ഫോണായ നത്തിങ് ഫോൺ 3എ സീരീസ് ലോഞ്ച് ചെയ്യാനിരിക്കെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഫോൺ 3 എ സീരീസ് ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള കമ്പനി മാർച്ച് 4ന് വൈകുന്നേരം 3.30നാണ് ലോഞ്ച് ചെയ്യുക. ഇക്കാര്യം കമ്പനി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
നത്തിങ് ഫോൺ 3 എ, 3 എ പ്രോ എന്നിവയായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സൂചന നൽകുന്നതാണ് കമ്പനിയുടെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. പുതിയതും വ്യത്യസ്‌തമായതുമായ ഡിസൈനിൽ ഈ ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
കമ്പനി പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3എ സീരീസ് കമ്പനിയുടെ ചെന്നൈയിലെ നിർമാണ പ്ലാന്‍റിലാണ് നിർമിക്കുകയെന്നാണ് സൂചന. പ്ലാന്‍റിൽ 500ലധികം ജീവനക്കാരുണ്ടെന്നും അതിൽ 95 ശതമാനം തൊഴിലാളികളും സ്ത്രീകളാണെന്നുമാണ് കമ്പനി പറയുന്നത്. ചെന്നെയിലെ ഫാക്‌ടറിയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന ഫോണുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമോ എന്നതിനെക്കുറിച്ച് കമ്പനി ഒന്നും പറയുന്നില്ല.
വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് നത്തിങ്. വളരെ പെട്ടന്നാണ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കമ്പനിക്ക് കഴിഞ്ഞത്. ലോകമെമ്പാടും 7 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചതായും വരുമാനം ഒരു ബില്യൺ ഡോളർ (100 കോടി രൂപ) പിന്നിട്ടതായും നത്തിങ് പറയുന്നു. നിലവിൽ കമ്പനിക്ക് രാജ്യത്തിലുടനീളം 7,000 റീട്ടെയിൽ സ്റ്റോറുകളും 300 സർവീസ് സെന്‍ററുകളുമുണ്ട്.
നത്തിങ് ഫോൺ 3 എ സീരീസ്: സ്പെസിഫിക്കേഷനുകൾ
പ്രൊസസർ:എക്‌സിൽ ഒന്നിലധികം ടിപ്‌സ്റ്ററുകൾ പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3 എ സീരീസിൽ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഇത് മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്ന പ്രൊസസറാണ്.
ഡിസ്‌പ്ലേ:120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ എഫ്‌എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലേ ആയിരിക്കും നത്തിങ് ഫോൺ 3 എ സീരീസിൽ ഫീച്ചർ ചെയ്യുക. ഉപയോക്താക്കളുടെ വിഷ്വൽ, ഗെയിമിങ് എക്‌സ്‌പീരിയൻസ് മെച്ചപ്പെടുത്തുന്നതായിരിക്കും ഈ ഡിസ്‌പ്ലേ.