ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായ എംജി സൈബർസ്റ്റർ 2025 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് സൈബർസ്റ്റർ. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിന്‍റെ ഇലക്‌ട്രിക് കാറാണ് ഇത്. പ്രീമിയം എംജി സെലക്‌ട് റീട്ടെയിൽ ചാനലിലൂടെയായിരിക്കും ഇന്ത്യയിലെ വിൽപ്പന.
ജനുവരിയിൽ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലായിരിക്കും ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ അരങ്ങേറ്റം കുറിക്കുക. കുറച്ച് മാസങ്ങൾക്ക് മുമ്പെയാണ് എംജി മോട്ടോർ എംജി സെലക്‌ട് എന്ന പേരിൽ പുതിയ റീട്ടെയിൽ ചാനൽ പ്രഖ്യാപിച്ചത്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് വഴി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ ഉത്‌പന്നമായിരിക്കും സൈബർസ്റ്റർ. പ്രാരംഭഘട്ടത്തിൽ രാജ്യത്തുടനീളം 12 എക്‌സ്‌പീരിയൻസ് സെൻ്ററുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പിന്നീട് കൂടുതൽ മെച്ചപ്പെടുത്താനാണ് ജെഎസ്‌ഡബ്ല്യൂ എംജി മോട്ടോറിന്‍റെ പദ്ധതി.
2023ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്‌പീഡിലാണ് സൈബർസ്റ്റർ അവതരിപ്പിക്കുന്നത്. എംജി മോട്ടോറിന്‍റെ 2021ൽ പിറന്ന ആശയമായിരുന്നു സൈബർസ്റ്റർ. 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഈ മോഡൽ. 2,689 മില്ലീമീറ്ററിന്‍റെ വീൽബേസാണ് നൽകിയിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ നിരവധി അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്.