ഹൈദരാബാദ്: മാരുതി ഡിസയറിന്‍റെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. നിരവധി തവണ നിരത്തുകളിൽ പരീക്ഷണം നടത്തിയിരുന്ന പുതിയ ഡിസയർ ദീപാവലിക്ക് ശേഷം പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ മോഡൽ നവംബർ 11 ന് വിപണിയിലെത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
തികച്ചും പുതിയ ലുക്കിലായിരിക്കും മാരുതി ഡിസയറിന്‍റെ നവീകരിച്ച പതിപ്പ് വിപണിയിലെത്തുക. നവീകരിച്ച മാരുതി സ്വിഫ്റ്റിൻ്റെ ഹാച്ച്ബാക്ക് മോഡൽ ഈ വർഷം അവതരിപ്പിച്ചിരുന്നു. സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി കാണപ്പെടുന്ന ഈ കോംപാക്‌ട് സെഡാന് കമ്പനി തികച്ചും വ്യത്യസ്‌ത ലുക്ക് നൽകും. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതായാണ് പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതെങ്കിലും മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കുമായി ചില സാമ്യതകൾ ഉണ്ടാകും.
പുതിയ മാരുതി ഡിസയറിലെ ഡയമണ്ട് കട്ട് അലോയ് വീലുകൾ മാരുതി സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. പുതിയ റാപ്പറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകൾക്ക് എൽഇഡി ഔട്ട്‌ലൈനുകളും നൽകിയിട്ടുണ്ട്. ക്രോം ഘടകങ്ങളുള്ള ബ്ലാക്ക്ഡ് ഔട്ട് ഹോറിസോണ്ടൽ സ്ലാറ്റഡ് ഗ്രിൽ, കറുത്ത ബെസലുകളുള്ള മെലിഞ്ഞ ഹെഡ്‌ലൈറ്റുകൾ, സ്‌പോർട്ടി ലുക്കിങ് ഫ്രണ്ട് ബമ്പർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
പുതിയ ഡിസയർ കോംപാക്‌റ്റ് സെഡാന്‍റെ ഇൻ്റീരിയർ ഹാച്ച്ബാക്കിനോട് സാമ്യതയുള്ളതാണ്. എങ്കിലും പ്രീമിയം ഫീലിനായി ഡാഷ്ബോർഡിലും അപ്ഹോൾസ്റ്ററിയിലും ഇളം ഷേഡുകൾ നൽകും. 9-ഇഞ്ച് ഫ്രീ-സ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4.2 ഇഞ്ച് ഡിജിറ്റൽ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ പുതിയ ഡിസയറിലുണ്ടാകും. അപകടസാധ്യത കുറയ്‌ക്കാനായി ഓട്ടോമാറ്റിക് ബ്രേക്കിങ്, സ്റ്റിയറിങ് സംവിധാനങ്ങളുള്ള ADAS ഫീച്ചറും ഉൾപ്പെടുത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ADAS പോലുള്ള സുരക്ഷാ ഫീച്ചറുകൾ നൽകുന്നത് ഡിസയറിന്‍റെ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിലായിരിക്കും.
എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, മാരുതി സ്വിഫ്റ്റിൻ്റെ 1.2-ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനായിരിക്കും പുതിയ മാരുതി ഡിസയറിലും ഉപയോഗിക്കുക. മാരുതി സ്വിഫ്റ്റ് സിഎൻജി വേരിയൻ്റുകൾ അവതരിപ്പിച്ച പോലെ പിന്നീട് ഡിസയറും പെട്രോൾ-സിഎൻജി ഓപ്ഷനോടെ വിപണിയിൽ എത്തിയേക്കാം. പെട്രോൾ എഞ്ചിൻ വേരിയൻ്റിന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടായിരിക്കും. അതേസമയം സിഎൻജി വേരിയൻ്റിന് അഞ്ച് സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് ആയിരിക്കും ഉണ്ടാകുക. വരും ദിവസങ്ങളിലായി മാരുതി ഡിസയർ 2025 മോഡലിന്‍റെ ബുക്കിങ് ആരംഭിക്കും.
Also Read: മികച്ച ഇന്‍റീരിയർ, എക്‌സ്റ്റീരിയർ ഡിസൈൻ: സ്റ്റൈലിഷ് ലുക്കിൽ മാരുതി ബലേനോയുടെ പുതിയ റീഗൽ എഡിഷൻ പുറത്തിറക്കി