ഹൈദരാബാദ്:പുതിയ അഡ്വഞ്ചർ ബൈക്കുമായി പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു ആർ 1300 ജിഎസ് അഡ്വഞ്ചർ എന്ന പേരിലാണ് പുതിയ മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2025 ഓട്ടോ എക്‌സ്‌പോയിലാണ് ഈ അഡ്വഞ്ചർ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 22.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ആർ 1300 ജിഎസിന് ഒരു പടി മുന്നിലായിരിക്കും ഈ അഡ്വഞ്ചർ ബൈക്ക് ഇടംപിടിക്കുക.
ഡിസൈൻ:ഡിസൈനിന്‍റെ കാര്യത്തിലാണ് പുതിയ ബൈക്ക് മോഡലുകളിൽ നിന്നും വ്യത്യാസപ്പെടുന്നത്. ബോക്‌സി ഡിസൈനിൽ വരുന്ന ബൈക്കിന് 30 ലിറ്ററിന്‍റെ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന ഈ സാഹസിക ബൈക്കിന്‍റെ ഫ്യുവൽ ടാങ്കിനും ടെയിൽ ഭാഗത്തും ചതുരാകൃതിയിലുള്ള ഡിസൈനാണ് ഉള്ളത്. മുൻ മോഡലായ ആർ 1300 ജിഎസിനെക്കാൾ മികച്ച ലുക്കിലാണ് ഈ ബൈക്ക് എത്തുന്നത്.
എഞ്ചിൻ:പുതിയ അഡ്വഞ്ചർ ബൈക്കിന് 1,300 സിസി ബോക്‌സർ ട്വിൻ എഞ്ചിനാണ് നൽകിയത്. 7,750 ആർപിഎമ്മിൽ 145 ബിഎച്ച്‌പി പവറും 149 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാൻ സാധിക്കുന്നതാണ് ഈ എഞ്ചിൻ. 6 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോഡിയാക്കിയത്. പവർ ഡെലിവറി നിയന്ത്രിക്കാനും ട്രാക്ഷൻ കൺട്രോൾ ഇൻ്റർവെൻഷൻ ലെവൽ ക്രമീകരിക്കാനും സാധിക്കുന്ന നാല് റൈഡ് മോഡുകളുമായാണ് ഈ ബൈക്ക് വരുന്നത്. ഇക്കോ, റെയിൻ, റോഡ്, എൻഡ്യൂറോ എന്നിവയാണ് നാല് റൈഡ് മോഡുകൾ. AUX ലൈറ്റുകൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ കോളിഷൻ വാണിങ് എന്നിവയും പുതിയ ബൈക്കിൽ ഫീച്ചർ ചെയ്യും.