വാഷിങ്ടൺ: ഐഫോൺ 16 പ്രോ മാക്‌സിന്‍റെയും മറ്റ് പ്രോ, പ്രോ മാക്‌സ് മോഡലുകളുടെയും ഉത്പ്പാദനം ഗണ്യമായി വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ. ആവശ്യക്കാരേറുന്നതിനാലാണ് പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ഉത്പ്പാദനത്തിലേക്ക് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്‌പാദനം വലിയ തോതിൽ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2024 ൽ ടെക് ഭീമനായ ആപ്പിൾ ഏകദേശം 90.1 ദശലക്ഷം (9 കോടി ഒരു ലക്ഷം) ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 86.2 ദശലക്ഷം യൂണിറ്റ് ഐഫോണുകളാണ് കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയത്. മൊത്തം ഉത്‌പാദിപ്പിക്കാൻ പദ്ധതിയിട്ട 90.1 ദശലക്ഷം യൂണിറ്റുകളിൽ 33.2 ദശലക്ഷം (3 കോടി 32 ലക്ഷം) യൂണിറ്റും ഐഫോൺ 16 പ്രോ മാക്‌സ് ആകുമെന്നാണ് സൂചന. ഇത് മൊത്തം ഉത്‌പാദനത്തിന്‍റെ 37 ശതമാനമായിരിക്കും. ജിഎസ്‌എം അരീനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 24.2 ദശലക്ഷംഐഫോൺ 15 പ്രോ മാക്‌സ് യൂണിറ്റുകളാണ് ഉത്‌പാദിപ്പിച്ചിരുന്നത്.
അതേസമയം നോൺ-പ്രോ വേരിയൻ്റുകളുടെ ഉത്‌പാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകില്ലെങ്കിലും മിതമായ തോതിൽ വർധനവ് ഉണ്ടാകും. ഐഫോൺ 16 മോഡലുകൾ 24.5 ദശലക്ഷം യൂണിറ്റുംഐഫോൺ 16 പ്ലസ് മോഡലുകൾ 5.8 ദശലക്ഷം യൂണിറ്റും മാത്രം ഉത്‌പാദിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം 8.5 ദശലക്ഷത്തോളം യൂണിറ്റ് ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്‌പാദിപ്പിച്ചതായാണ് ജിഎസ്‌എം അരീനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 16 പ്ലസിന്‍റെ ഉത്‌പാദനം കുറച്ചതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.