ഓണത്തിന് ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍:വലിയ ആഘോഷങ്ങളോടെയാണ് ഇക്കൊല്ലം മലയാളികള്‍ ഓണക്കാലത്തെ വരവേല്‍ക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും മാറി ഇത്തവണ നിയന്ത്രണങ്ങള്‍ ഏതുമില്ലാതെയാണ് ഓണം സീസണ് വന്നിരിക്കുന്നത്. ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി ഇത്തവണ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം തങ്ങളുടെ വമ്പന്‍ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിയിലും പുതിയ സിനിമകള്‍ വരുന്നുണ്ട്. അടുത്തിടെ ബോക്സോഫിസില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളാണ് വീണ്ടും റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു ചിത്രങ്ങളും ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഓണനാളുകളില്‍ ഒടിടിയില്‍ എത്തുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
പാപ്പന്:സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ അടുത്തിടെ തിയേറ്ററുകളില്ലെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് പാപ്പന്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ബിഗ്സ്ക്രീനില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിളള, ആശ ശരത്ത്, വിജയരാഘവന്, ജനാര്ദ്ദനന്, ചന്ദുനാഥ്, അജ്മല്‍ അമീര്‍ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന റോളുകളില്‍ എത്തുന്നു. അമ്പത് കോടി കലക്ഷന്‍ സുരേഷ് ഗോപി ചിത്രം തിയറ്ററുകളില്‍ നിന്നായി നേടിയിരുന്നു. സെപ്റ്റംബര്‍ ഏഴിന് സീ ഫൈവിലൂടെയാണ് പാപ്പന് ഒടിടിയില്‍ എത്തുന്നത്.
ന്നാ താന്‍ കേസ് കൊട്:കുഞ്ചാക്കോ ചിത്രം ന്നാ താന്‍ കേസ് കൊട് അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. ദേവദൂതര്‍ പാട്ടും ചാക്കോച്ചന്റെ ഡാന്‍സും തരംഗമായതിന് പിന്നാലെ സിനിമ തിയേറ്ററുകളില്‍ മികച്ച വിജയം നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സിനിമ ഒരുക്കിയത്. സെപ്റ്റംബർ ഏട്ട് തിരുവോണ നാളില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ന്നാ താന്‍ കേസ് കൊട് ഒടിടിയില്‍ എത്തുന്നത്.