തെലുഗു സൂപ്പർ സ്റ്റാർ രവി തേജ നായകനാകുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു' (Ravi Teja starring Tiger Nageswara Rao). 1970കൾ പശ്ചാത്തലമാകുന്ന ഈ ആക്ഷൻ പാക്ക്ഡ് ത്രില്ലർ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നൂപുര്‍ സനോണ്‍ ആണ് 'ടൈഗര്‍ നാഗേശ്വര റാവു'വിൽ നായികയായി എത്തുന്നത് (Tiger Nageswara Rao Nupur Sanon Character poster). പ്രശസ്ത ബോളിവുഡ് താരം കൃതി സനോണിന്റെ സഹോദരി കൂടിയായ നൂപുര്‍ സനോണിന്റെ ആദ്യ സിനിമയാണ് 'ടൈഗര്‍ നാഗേശ്വര റാവു'. ചിത്രത്തില്‍ രവി തേജ അവതരിപ്പിക്കുന്ന 'ടൈഗര്‍ നാഗേശ്വര റാവു' എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ പ്രണയിനിയുടെ വേഷമാണ് നൂപുര്‍ സനോണ്‍ അവതരിപ്പിക്കുന്നത്. സാറ എന്നാണ് കഥാപാത്രത്തിന്റെ പേര് (Nupur Sanon as Sara in Tiger Nageswara Rao).
ചിത്രത്തിലെ നൂപുര്‍ സനോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന സാറയെയാണ് പോസ്റ്ററില്‍ കാണാനാവുക. അക്ഷയ് കുമാറിന്റെ 'ഫിലാല്‍' എന്ന ഗാനത്തിലൂടെ പ്രശസ്തയായ നൂപുർ 'ടൈഗര്‍ നാഗേശ്വര റാവു'വിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെയും ശ്രദ്ധ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്.
വംശി പൈഡിപ്പള്ളി (Vamshi Paidipally) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. അഗര്‍വാള്‍ ആര്‍ട്ട്സിന്റെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ 'കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2' തുടങ്ങിയ ചിത്രങ്ങളുടെ വിജയ പാത 'ടൈഗര്‍ നാഗേശ്വര റാവു'വും തുടരുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.