തിരുവനന്തപുരം:സിബിഐയെ തടയണമെന്ന സംസ്ഥാന സർക്കാരിന്‍റെ നിലപാടാണോ അഖിലേന്ത്യാ തലത്തിലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ ഏജൻസികളെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പറഞ്ഞവർ ഇപ്പോൾ സിബിഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
സിബിഐ വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി
ലൈഫ് മിഷൻ അഴിമതിയടക്കം അന്താരാഷ്ട്ര മാനമുള്ള കള്ളക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം ആവശ്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുണ്ട്. അതുമായി കേരളത്തിലെ അവസ്ഥയെ തുലനം ചെയ്യേണ്ടതില്ല. ലൈഫ് മിഷൻ അഴിമതിയടക്കം അന്താരാഷ്ട്രമാനമുള്ള കള്ളക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം ആവശ്യമാണ്. സി.ബി.ഐ അന്വേഷണത്തെ യഥാർഥ കമ്യൂണിസ്റ്റുകാർ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിലൂടെ പാർട്ടിയിൽ ശുദ്ധികലശം വേണമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രി ഇതിനെ ഭയപ്പെടുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേ സമയം കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ദഗതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കാൻ പോകുന്ന ധാരണയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതെന്നും തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായി മാത്രമേ കോൺഗ്രസിന് നീക്ക് പോക്കുള്ളൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.