കേരളം

kerala

By

Published : Feb 24, 2022, 10:25 AM IST

Updated : Feb 24, 2022, 1:13 PM IST

ETV Bharat / bharat

റഷ്യൻ ആക്രമണം: തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, എണ്ണവിലയും സ്വര്‍ണവിലയും കുതിക്കുന്നു

വ്യാപാരം ആരംഭിക്കുമ്പോള്‍ സൂചികകള്‍ നഷ്‌ടത്തോടെയാണ് തുടങ്ങിയത്

യുക്രൈന്‍ പ്രതിസന്ധി  യുക്രൈന്‍ പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണി  സെന്‍സെക്‌സ് നഷ്‌ടം  equity markets spooked  sensex sinks  russia ukraine crisis latest
യുക്രൈന്‍ പ്രതിസന്ധി: ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചത് നഷ്‌ടത്തില്‍

മുംബൈ: റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെ ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. സെൻസെക്‌സ് 1432.50 പോയിന്‍റും നിഫ്റ്റി 410.70 പോയിന്‍റും ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. യുക്രൈന്‍ പ്രതിസന്ധി ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച രാവിലെ 9.15ന് ബിഎസ്ഇ സെൻസെക്‌സ് 1432.50 പോയിന്‍റ് താഴ്‌ന്നു. 2.50 ശതമാനമാണ് ഇടിവ്. 55,799.56 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 55,147.73 പോയിന്‍റായി താഴ്‌ന്നു. എൻ‌എസ്‌ഇ നിഫ്റ്റി 16,652.60 പോയിന്‍റിലാണ് വ്യാപാരം ആരംഭിച്ചത്. 2.41 ശതമാനം ഇടിവാണ് നിഫ്‌റ്റിയില്‍ രാവിലെ രേഖപ്പെടുത്തിയത്. 500.90 പോയിന്‍റ് ഇടിഞ്ഞ് 16,562.35 പോയിന്‍റിലാണ് രാവിലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഉച്ചയ്ക്ക് 12 മണിക്ക് സെന്‍സെക്‌സ് 1707.25 പോയിന്‍റ് താഴ്‌ന്നു. 55,565.96 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 57,232.06 പോയിന്‍റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര മഹീന്ദ്ര, ഏഷ്യന്‍ പെയിന്‍റ്സ്, എച്ച്സിഎല്‍ ടെക്‌നോളജീസ് എന്നി കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.

എണ്ണവില 100 ഡോളര്‍ കടന്നു

അതേസമയം, റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില 100 യുഎസ് ഡോളര്‍ കടന്നു. 2014ന് ശേഷം ഇതാദ്യമായാണ് എണ്ണവില 100 യുഎസ് ഡോളര്‍ കടക്കുന്നത്. ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് 100.04 യുഎസ്‌ ഡോളറായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതക്ക് ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. യുക്രൈന്‍-റഷ്യ സംഘര്‍ഷവും കുതിച്ചുയരുന്ന എണ്ണവിലയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വർണവിലയില്‍ കുതിപ്പ്

വീണ്ടും ഏറ്റക്കുറച്ചിലുമായി സ്വർണവില. സ്വർണവില 680 ഉയർന്ന് 37,480 രൂപയിൽ എത്തി. ഇന്നലെ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 36,800ൽ എത്തിയിരുന്നു. ഇതോടെ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.

ഗ്രാമിന് 85 രൂപ ഉയർന്ന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യം സ്വർണവില 36,080 രൂപയിൽ എത്തിയിരുന്നു. ഇതുവരെ 1,400 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്.

Also read: യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ

Last Updated : Feb 24, 2022, 1:13 PM IST

ABOUT THE AUTHOR

...view details