ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ഭാരത രാഷ്‌ട്ര സമിതി (Bharat Rashtra Samithi) നേതാവുമായ കെ ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ കവിതയ്‌ക്ക് വീണ്ടും എന്‍ഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടിസയച്ചു (ED Notice To KCR's daughter K Kavitha ). നാളെ (15.09.2023) ഡൽഹിയിലെ ഓഫിസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ (Delhi Excise policy scam) കവിതയ്‌ക്ക് പങ്കുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇത് പ്രകാരം, ബി ആര്‍ എസിന്‍റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ കൂടിയായ കവിത കല്‍വ കുന്തളയ്‌ക്ക് (Kalvakuntla Kavitha) നേരത്തേയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി നോട്ടിസ് ലഭിച്ചിരുന്നു.
തനിക്ക് മോദിയുടെ നോട്ടിസ് ലഭിച്ചെന്ന് കെ കവിത :ഇതേ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തില്‍ കവിതയെ ഇ ഡി ഡല്‍ഹിയില്‍ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതായി കവിത തന്നെയാണ് സ്ഥിരീകരിച്ചത്. വിഷയത്തിൽ, തനിക്ക് മോദിയുടെ നോട്ടിസ് ലഭിച്ചു എന്നായിരുന്നു കവിതയുടെ പ്രതികരണം.
ഇത് പാര്‍ട്ടിയുടെ അംഗീകാരത്തിന് തെളിവാണെന്നാണ് കരുതുന്നത് എന്നും കവിത പ്രതികരിച്ചു. 'ഇ ഡിയുടെ കളികള്‍ ഒരു വര്‍ഷത്തിലേറെയായി തുടരുകയാണ്. നോട്ടിസിന് വലിയ വില കല്‍പ്പിക്കുന്നില്ല. നോട്ടിസ് പാര്‍ട്ടി നിയമ സെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ഉപദേശമനുസരിച്ച് മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നോട്ടിസുകള്‍ പൊടി തട്ടിയെടുക്കുന്നതില്‍ അത്‌ഭുതമില്ല. ഇത് എത്ര കാലം തുടരുമെന്നറിയില്ല. തെലങ്കാനയിലെ ജനതയും ഇത് കാര്യമായെടുക്കുമെന്ന് കരുതുന്നില്ല' - കവിത പറഞ്ഞു.