'എന്‍റെ ഭാഷാശൈലി അതല്ല'; എംഎം മണിക്കെതിരെ ഡീൻ കുര്യാക്കോസ് - Dean Kuriakose against M M Mani
🎬 Watch Now: Feature Video
Published : Mar 19, 2024, 1:31 PM IST
ഇടുക്കി : സിപിഎം എംഎൽഎ എം എം മണിക്കെതിരെ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ട് എന്ന് തെറ്റിദ്ധാരണയിലാണ് എംഎം മണി. എന്നാൽ അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്‍റെ ഭാഷാശൈലി അതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. എന്തുകൊണ്ട് അതിനെ അന്ന് എതിർത്തില്ല എന്ന് എംഎം മണി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കിൽ നടക്കില്ല എന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു. 'ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിലെ എംഎം മണിയുടെ പ്രസംഗം. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന് കൊടുക്കരുതെന്നും എം എം മണി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.