തിരുവനന്തപുരം: വിനോദ സഞ്ചാരികളിൽ കൗതുകവും നെഞ്ചിടിപ്പും കൂട്ടുന്ന ഗ്ലാസ് ബ്രിഡ്‌ജ് അനുഭവം വയനാടിനും വാഗമണ്ണിനും പിന്നാലെ തലസ്ഥാനത്തും ഒരുങ്ങുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ഈ ചില്ലു പാലത്തിന് മറ്റ് രണ്ടു പാലങ്ങൾക്കുമില്ലാത്ത നിരവധി സവിശേഷതകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഇതിനകം ട്രെൻഡിംഗ് ആയ ഈ ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നത്. അതിസാഹസികര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ഒരുങ്ങുന്ന കണ്ണാടി പാലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള നിരവധി വ്യത്യസ്‌ത അനുഭവങ്ങളാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളത്.
പുതിയ സാഹസിക അനുഭവങ്ങൾ നൽകുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ സുരക്ഷയും ഗ്ലാസ് പാലത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 80 പേരെ വഹിക്കാവുന്ന പാലത്തിൽ പ്രത്യേകം ഇറക്കുമതി ചെയ്‌ത സാൻവിച്ച് ഗ്ലാസുകളാണ് പാകിയിരിക്കുന്നത്.
ആക്കുളത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചില്ലു പാലത്തിൽ കയറാൻ ഇനി അധിക ദിവസം കാത്തിരിക്കേണ്ടി വരില്ല. പാലത്തിന്‍റെ പണി അന്തിമഘട്ടത്തിലാണ്. വരും ദിവസങ്ങൾക്കുള്ളിൽ തന്നെ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.