കോഴിക്കോട്: കുറ്റിക്കാട്ടൂർ ആനകുഴിക്കരയിൽ വാടക ക്വാർട്ടേഴ്‌സിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് കെഎസ്ഇബിയുടെ 66 കെവി ടവർ ലൈനിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്ക്(12) ന് ആണ് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
വീട്ടുകാർ മുകളിലെത്തിയപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു കുട്ടി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെറസിൻ്റെ മുകളിൽ നിന്നും വൈദ്യുതി ലൈനിലേക്ക് രണ്ട് മീറ്റർ മാത്രമാണ് അകലമുള്ളത്. കളിക്കുന്നതിനിടയിൽ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന വയറിൻ്റെ കഷണം ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് സൂചന.
Also Read : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; റിട്ട. റെയില്‍വേ പൊലീസുകാരന് 75 വര്‍ഷം തടവ്