തൃശൂര്‍: യാത്രക്കാർ ഇരിക്കെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് അപകടം. പെട്ടെന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഇലക്ട്രിക് ലൈൻ ഉൾപ്പെടെയാണ് വാഹനത്തിന് മുകളില്‍ വീണത്. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വിആർപുരത്താണ് സംഭവം.
ഓട്ടോയിലുണ്ടായിരുന്ന വിആർപുരം സ്വദേശികളായ ദമ്പതികളെ വീടിന് മുൻപിൽ ഇറക്കാനായി ഗെയ്റ്റിന് സമീപം വണ്ടി നിർത്തിയ ഉടനെയാണ് മരം ഇലക്ട്രിക് ലൈൻ അടക്കം ഓട്ടോറിക്ഷയുടെ മുകളിൽ വീണത്. ഓട്ടോയ്ക്ക് മുകളിലും ഗെയ്റ്റിലും വീടിൻ്റെ സൺഷൈഡിലും മരം തങ്ങി നിന്നതു മൂലം ഗെയ്റ്റ് തുറക്കാനോ വണ്ടി നീക്കാനോ കഴിയാതെ പ്രയാസപ്പെട്ടു. ഇലക്ട്രിക് കമ്പികളും മരത്തോടൊപ്പം വീണിരുന്നുവെങ്കിലും ലൈൻ ഓഫായിരുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഗെയ്റ്റ് അല്‌പം തള്ളി തുറന്ന് വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ വീട്ടിലേക്ക് കടന്നത്. മരച്ചില്ലകൾക്കിടയിലൂടെ പുറത്തിറങ്ങുന്നതിനിടയിൽ ഷോക്കേൽക്കാതിരുന്നത് അത്ഭുതമായി.
ഡ്രൈവർക്കും പുറത്ത് കടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പുറത്തിറങ്ങി വാർഡ് കൗൺസിലറെ വിളിച്ച് അറിയിച്ചു തുടർന്ന് കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുതി ലൈൻ ഓഫ് ചെയ്‌തു. നാട്ടുക്കാർ ചേർന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് വാഹനം അവിടെ നിന്നും നീക്കാനായത്. ഓട്ടോറിക്ഷയ്ക്ക് നിസാരമായ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളു. രണ്ടാം ജന്മം കിട്ടിയ ആശ്വാസത്തിലാണ് ദമ്പതികളും ഓട്ടോ ഡ്രൈവറും.