വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി കോളജില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. എസ്‌എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി അഭിഷേക് എസ്, മറ്റ് വിദ്യാര്‍ഥികളായ ബില്‍ഗേറ്റ് ജോഷ്വ, ആകാശ് ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതോടെ, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 18 പേരെയും കോളജില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ഥികളെ കഴിഞ്ഞ 22നായിരുന്നു സസ്പെന്‍ഡ് ചെയ്‌തത്.
അതേസമയം, കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എസ്‌എഫ്‌ഐ കോളജ് യൂണിയൻ പ്രസിഡന്‍റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവര്‍ ഇന്നലെ (ഫെബ്രുവരി 29) രാത്രിയില്‍ കല്‍പറ്റ ഡിവൈഎസ്‌പി ഓഫിസില്‍ എത്തിയായിരുന്നു കീഴടങ്ങിയത്. മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസ് അന്വേഷണത്തിന് 24 അംഗ സംഘം: വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ല പൊലീസ് മേധാവി ടി നാരായണന്‍റെ മേല്‍നോട്ടത്തില്‍ 24 അംഗ സംഘമാണ് അന്വേഷിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വൈത്തിരി സിഐ ഉത്തംദാസ്, കൽപറ്റ സിഐ സായൂജ് കുമാർ, തലപ്പുഴ സിഐ അരുൺ ഷാ, പടിഞ്ഞാറത്തറ സി ഐ സഞ്ജയകുമാർ, വൈത്തിരി എസ്ഐ പ്രശോഭ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അന്വേഷണസംഘം ദിവസേന കേസിന്‍റെ പുരോഗതി വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് കൈമാറും. സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറാൻ നിര്‍ദേശമുണ്ട്. കുറ്റകൃത്യത്തില്‍ 20 പേര്‍ നേരിട്ട് പങ്കാളികളായെന്നാണ് കണ്ടെത്തല്‍. ഇതില്‍ പത്ത് പേരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. ബാക്കി പത്ത് പേരെയും ഒരു ആഴ്‌ചയ്‌ക്കുള്ളില്‍ പിടികൂടി ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.