വയനാട് : പൂക്കോട് വെറ്ററിനറി കോളജിൽ മർദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കൽപ്പറ്റ കോടതിയിൽ ഹാജരാക്കി.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ല പൊലീസ് മേധാവി ടി നാരായണന്‍റെ മേല്‍നോട്ടത്തില്‍ 24 അംഗ സംഘമാണ് അന്വേഷിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൽപ്പറ്റ സിഐ സായൂജ് കുമാർ, വൈത്തിരി സിഐ ഉത്തംദാസ്, പടിഞ്ഞാറത്തറ സി ഐ സഞ്ജയകുമാർ, തലപ്പുഴ സിഐ അരുൺ ഷാ, വൈത്തിരി എസ്ഐ പ്രശോഭ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അന്വേഷണ സംഘം ദിവസേന കേസിന്‍റെ പുരോഗതി വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് കൈമാറും. സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറാൻ നിര്‍ദേശമുണ്ട്. കുറ്റകൃത്യത്തില്‍ 20 പേര്‍ നേരിട്ട് പങ്കാളികളായെന്നാണ് കണ്ടെത്തല്‍. ഇതില്‍ പത്ത് പേരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
മരിച്ച വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍, ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണെന്നും കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്‍ക്കുന്നതായും, മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.