തിരുവനന്തപുരം : സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയ റെഡ് കെയറിന് വേണ്ടി വീണ്ടും പണപ്പിരിവ്. യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ അന്തരിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്‍റെ സ്‌മരണാര്‍ഥം 2021 ല്‍ ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതിയാണ് റെഡ് കെയര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി ആശുപത്രിക്കു സമീപം തന്നെ ആതുര സേവന കേന്ദ്രം തുറക്കുന്നതിനുള്ള പദ്ധതി എന്ന നിലയിലാണ് റെഡ് കെയര്‍ പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി പ്രഖ്യാപിച്ച് പിരിവുമായി മുന്നോട്ടു പോയെങ്കിലും പിരിച്ചെടുത്ത തുക വകമാറ്റിയെന്ന് ആരോപണം ഉയര്‍ന്നു. ആദ്യ മൂന്നു ഘട്ടമായി പിരിവു നടത്തിയെങ്കിലും റെഡ് കെയര്‍ നിര്‍മിക്കാതെ പണം വകമാറ്റിയെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെയാണ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്.
ഈ പരാതി നലനില്‍ക്കെയാണ് നാലാം തവണയും റെഡ് കെയറിന് വേണ്ടി പണപ്പിരിവ് നടത്താന്‍ ജില്ല കമ്മിറ്റി കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വഞ്ചിയൂര്‍, പാളയം, കാട്ടാക്കട മേഖല കമ്മിറ്റികള്‍ക്കാണ് യൂണിറ്റ് കമ്മിറ്റികളില്‍ നിന്നും 1500 രൂപ പിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. മേഖല കമ്മിറ്റികള്‍ 25,000 രൂപ വീതം അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ല നേതൃത്വം നിഷേധിച്ചു. പൊതു ജനങ്ങളില്‍ നിന്നും ഡിവൈഎഫ്ഐ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും നടത്തുന്നില്ലെന്നും റെഡ് കെയര്‍ ഉദ്ഘാടനം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ഷിജു ഖാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
എന്നാല്‍ ആദ്യ മൂന്ന് ഘട്ടമായി പിരിവ് നടത്തിയ ശേഷവും കെട്ടിടത്തിന്‍റെ പണി പോലും പൂര്‍ത്തിയായിട്ടില്ല. 2022 ലായിരുന്നു ഡിവൈഎഫ്ഐ മുന്‍ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് ഷാഹിന്‍ റെഡ് കെയറിനായി പിരിച്ച തുക വക മാറ്റിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. അതേ സമയം ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ ഡിവൈ എഫ്ഐ - സിപിഎം നേതൃത്വം അന്ന് വ്യക്തമാക്കിയിരുന്നത്.
300 ലധികം മേഖല കമ്മിറ്റികളാണ് തിരുവനന്തപുരം ജില്ലയില്‍ ഡിവൈഎഫ്ഐക്കുള്ളത്. ആദ്യ മൂന്ന് പിരിവിലും ലക്ഷകണക്കിന് രൂപ പിരിച്ചിട്ടും കെട്ടിടം പണി അനിശ്ചിതമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉയരുന്നതിനിടെയാണ് നാലാം ഘട്ട പിരിവിനുള്ള നേതൃത്വത്തിന്‍റെ നിര്‍ദേശം.
ALSO READ: ബാർ കോഴ ആരോപണം: എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് എംഎം ഹസൻ