കണ്ണൂർ: കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം കരകൗശല നിർമ്മിത വെങ്കല വിളക്കുകൾക്കും ശിൽപങ്ങൾക്കും കൗതുകങ്ങൾക്കും ഏറെ പേരുകേട്ടതാണ്. വെങ്കല ഗ്രാമത്തിലെ മൂശയിൽ നിന്ന് വെങ്കലത്തിൽ വാർത്തെടുത്ത പഞ്ചതാലത്തിൽ 27 യവത്തിലുള്ള (11 സെന്‍റിമീറ്റർ) ശ്രീരാമൻ്റെ ബാല വിഗ്രഹം ഉൾപ്പെട്ട വിളക്ക് ഇനി അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ദീപപ്രഭ ചൊരിയും. 15 ഇഞ്ച് ഉയരവും 15 ഇഞ്ച് വീതിയുമുള്ള വിളക്കിന് പന്ത്രണ്ടു കിലോ തൂക്കമുണ്ട്. കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തിലെ പി വത്സനാണ് മൂന്ന് മാസം കൊണ്ട് ഈ അപൂർവ വിളക്ക് നിർമിച്ചത്.
വെങ്കല ശിൽപികളായ പടിഞ്ഞാറ്റയിൽ സുരേശൻ, പരിയാക്കാരൻ രവി എന്നിവരും വത്സനൊപ്പം സഹായികളായി. കോഴിക്കോട് സ്വദേശിയാണ് വിളക്ക് രാമക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. മൂശാരി കൊവ്വലും കുഞ്ഞിമംഗലവും ഭൗമസൂചിക പദവിയിലേക്ക് എത്തിയതിനു പിന്നാലെ നിരവധി വെങ്കല ദൃശ്യ പെരുമകളാണ് ഇവിടെ നിന്നും ലോകം അറിഞ്ഞത്.
വലിയ ശാരീരിക അധ്വാനവും അതിനനുസരിച്ചുള്ള വരുമാനവും ഇല്ലാതായതോടെ പലരും മറ്റ് തൊഴിലുകൾ തേടി. പക്ഷേ മുപ്പതോളം കുടുംബങ്ങൾ ഈ തൊഴില്‍ കൈവിട്ടില്ല. കുഞ്ഞിമംഗലത്തെ വയലുകളിൽ നിന്ന് കിട്ടുന്ന കളിമണ്ണും, ചണച്ചാക്കും, പൂഴിയും ഉപയോഗിച്ചാണ് ശിൽപങ്ങൾക്ക് വേണ്ടുന്ന അച്ച് തയ്യാറാക്കുന്നത്. അച്ച് പൂർണ്ണതയിലേക്ക് എത്താൻ അതി സൂക്ഷ്‌മമായി മെഴുകിൽ പ്രത്യേകം തയ്യാറാക്കിയ രൂപങ്ങളും ഇതിനോടൊപ്പം ചേർക്കുന്നു. അങ്ങനെ തയ്യാറാക്കിയ അച്ചിലേക്ക് വെങ്കലം ഉരുക്കി ഒഴിക്കും. ഉരുക്കി എടുത്ത അച്ചിലേക്ക് ഒഴിച്ച് വാർത്തെടുക്കാൻ ഏതാണ്ട് മൂന്ന് മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കും.
അതി സൂക്ഷ്‌മതയോടെയും കായികാധ്വാനത്തിലൂടെയും ചെയ്യുന്ന പ്രവൃത്തിയാണ് ഇത്. ഇതുവരെയും യന്ത്രങ്ങളുടെ സഹായം തേടിയില്ല എന്നത് പ്രദേശത്തെ കുലത്തൊഴിലിന്‍റെയും ശിൽപങ്ങളുടെയും പേരും പെരുമയും ഉയർത്തുന്നു.
വെങ്കല നിർമാണം: 1000 ഡിഗ്രി വരെ ചൂടിൽ ഉരുക്കുന്ന വെങ്കലം അച്ചിലേക്ക് ഒഴിച്ചെടുത്താണ് വിഗ്രഹങ്ങളും ആഭരണങ്ങളുമെല്ലാം നിർമിക്കുന്നത്. കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾക്കും കാവുകൾക്കും ആവശ്യമായ ആഭരണങ്ങളും ആയുധങ്ങളും ഇവിടെയാണ് ഒരുങ്ങുന്നത്. ചിലമ്പ്, ഒട്ടോലും മണി, നെറ്റിപ്പട്ടം, കോമരത്തിന്‍റെ കാശുമാല, ഗുളികൻ, ചാമുണ്ഡി, കുറത്തി തുടങ്ങിയ വിവിധ തരം തെയ്യക്കോലങ്ങളുടെ ആഭരണങ്ങളും ഇവിടെ അതിശ്രദ്ധയോടെ നിർമ്മിച്ചുകൊടുക്കുന്നു. നിലവിളക്ക് തൂക്കുവിളക്ക്, ലക്ഷ്‌മിവിളക്ക്, കൃഷ്‌ണവിളക്ക് ദശാവതാര വിളക്ക്, വടക്കൻ വിളക്ക്, തടവിളക്ക് തുടങ്ങി 35 ഓളം വിളക്കുകളും ഇവിടുത്തെ ആലയിൽ ഒരുക്കാറുണ്ട്.
Also Read: സഹപാഠിക്ക് തണലൊരുക്കാൻ ഡിഷ് വാഷ് വിൽപന; മാതൃകയായി എൻഎസ്എസ് വളണ്ടിയർമാർ