കാസർകോട് : വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'ജൂനിയർ മാൻഡ്രേക്' എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പായയുമായി നടുറോഡിൽ കിടക്കുന്ന ദൃശ്യം മലയാളികൾ മറന്നു കാണില്ല. അത്തരമൊരു സംഭവം കാസർകോടും ഉണ്ടായി. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് യുവാവ് നടുറോഡിൽ പായ വിരിച്ചു കിടന്നത്. പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ആയിരുന്നു പ്രതിഷേധം.
കാഞ്ഞങ്ങാട് കാസർകോട് കെഎസ്‌ടിപി സംസ്ഥാന പാതയിലാണ് സമരസമിതി നേതാവ് ഷിബിൻ തൃക്കരിപ്പൂർ പായ വിരിച്ചു കിടന്നത്. സംയുക്ത സമര സമിതിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം സ്‌തംഭിച്ചു. ഒടുവിൽ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിങ് സ്‌കൂൾ അസോസിയേഷന്‍റെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഇന്ന് തലശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല. സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമര സമിതി പറയുന്നത്.
ALSO READ: ഡ്രൈവിങ് ടെസ്‌റ്റ് വീണ്ടും മുടങ്ങി; തിരുവനന്തപുരത്ത് പ്രതിഷേധം