കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനത്തിനിറങ്ങും. ചുങ്കത്തറയിൽ എത്തുന്ന പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നൽകും. വയനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ശേഷം പ്രിയങ്ക ഗാന്ധി ആദ്യമായാണ് മലപ്പുറം ജില്ലയിൽ പ്രചാരണത്തിന് ഇറങ്ങുന്നത്.
പ്രചാരണത്തിന്‍റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോര്‍ണര്‍ യോഗങ്ങളിൽ പങ്കെടുക്കും. യുഡിഎഫിന്‍റെ മുതിർന്ന നേതാക്കൾ പ്രിയങ്കയ്‌ക്കൊപ്പം വേദി പങ്കിടും. ഉച്ചയ്ക്കു 12.30നു ഏറനാട് മണ്ഡലത്തിലുൾപ്പെടുന്ന തെരട്ടമ്മലിലാണ് ആദ്യ യോഗം. ശേഷം, ഉച്ചയ്‌ക്ക് 3ന് വണ്ടൂർ മണ്ഡലത്തിലെ മമ്പാട്ട് പ്രിയങ്ക പ്രസംഗിക്കും.
നിലമ്പൂർ മണ്ഡലത്തിലുൾപ്പെടുന്ന ചുങ്കത്തറയിൽ വൈകിട്ട് 4.30നാണ് ജില്ലയിലെ അവസാന പരിപാടി. കഴിഞ്ഞ ദിവസം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയിരുന്നു. ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയ്‌ക്ക് ഒരുക്കിയിരുന്നത്. പ്രചാരണ പരിപാടിയിലെ പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗതാഗത നിയന്ത്രണമെന്ന് പൊലീസ് അറിയിപ്പ്
പ്രിയങ്ക ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 4 മുതൽ സിഎൻജി റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വഴിക്കടവ് ഭാഗത്തുനിന്നു നിലമ്പൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാറ്റാടി - മൂത്തേടം - കരുളായി - ചന്തക്കുന്ന് വഴി പോകണം. നിലമ്പൂർ ഭാഗത്തുനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്ന് - കരുളായി - മൂത്തേടം - കാറ്റാടി വഴി പോകണം. പോത്തുകല്ലിൽ നിന്നു നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാത്തംമുണ്ട- പൂക്കോട്ടുമണ്ണ - കുറ്റിമുണ്ട - മാർത്തോമ്മാ കോളജ് ജങ്ഷൻ വഴി പോകണമെന്നും പൊലീസ് അറിയിച്ചു.
Read Also: നാമനിർദേശ പത്രികയിൽ ക്രമക്കേട് ആരോപണം; മറുപടിയുമായി പ്രിയങ്ക ഗാന്ധി