കൊല്ലം : ഒരു കുടുംബം അഴിമതി നടത്തി കേരളം കുളംതോണ്ടുകയാണെന്ന് എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ. ഇവിടെ എൻഡിഎ മുന്നണിയും ഇന്ത്യ മുന്നണിയും തമ്മിലാണ് മത്സരം എന്നും എൻ കെ പ്രേമചന്ദ്രനും മുകേഷും മത്സരിക്കുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. എൻ കെ പ്രേമചന്ദ്രനും മുകേഷും തമ്മിൽ മത്സരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ ആണ്. കൊല്ലത്ത് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്‌ണകുമാർ.
കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. 400 സീറ്റിനു മുകളിൽ ലഭിക്കുമോ എന്ന് മാത്രമാണ് എതിരാളികൾക്ക് പോലും സംശയം ഉള്ളത്. പതിറ്റാണ്ടുകളായി ഒരു വികസനവും എത്താത്ത ജില്ലയിൽ നരേന്ദ്രമോദി സർക്കാർ ആണ് വികസനം കൊണ്ടുവന്നത്. ഒരു നാണവുമില്ലാതെ ഇതിൽ അവകാശവാദം ഉന്നയിക്കുക മാത്രമാണ് എൻ കെ പ്രേമചന്ദ്രന്‍ ചെയ്യുന്നതെന്നും കൃഷ്‌ണകുമാർ ആരോപിച്ചു.
നിയോജക മണ്ഡലത്തിൽ വികസനം എത്തിക്കാൻ സാധിക്കാത്ത എംഎൽഎയാണ് മുകേഷ് എന്നും, തന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി കൊല്ലത്ത് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലത്ത് എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാർ പര്യടനം തുടങ്ങി : എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ കൊല്ലത്ത് റോഡ് ഷോയോടെ മണ്ഡല പര്യടനമാരംഭിച്ചു. ചൊവ്വാഴ്‌ച (26-03-2024) വൈകിട്ട് കൊട്ടിയത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മഹാദേവക്ഷേത്രത്തിന് മുന്നിലാണ് സമാപിച്ചത്. റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ ഇരു ചക്ര വാഹനങ്ങളിൽ പങ്കെടുത്തു. എട്ടുമണിയോടെയാണ് റോഡ് ഷോ സമാപിച്ചത്.
ഉമയനല്ലൂർ, പള്ളിമുക്ക്, മാടൻനട, ചിന്നക്കട, എന്നിവിടങ്ങളിൽ വാഹനം നിർത്തിയാണ് ഷോ മുന്നോട്ട് നീങ്ങിയത്. നരേന്ദ്രമോദി സർക്കാരിന്‍റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണ് റോഡ് ഷോയിൽ തനിക്ക് ലഭിച്ചതെന്ന് സമാപന യോഗത്തിൽ കൃഷ്‌ണകുമാർ വ്യക്തമാക്കി.
ഇരുമുന്നണികളും വഞ്ചിച്ച ജനതയുടെ മോചനത്തിന് വേണ്ടി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവം നടക്കുന്ന ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ എൻഡിഎ കൃഷ്‌ണകുമാർ സ്ഥാനാർത്ഥി ദർശനം നടത്തി. റോഡ് ഷോ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിലും സന്ദർശനത്തിന് എത്തിയിരുന്നു.
കൊല്ലം ലോക്‌സഭ മണ്ഡലം ഇൻചാർജ് കെ സോമൻ, ചെയർമാൻ ബി ബി ഗോപകുമാർ, ബിജെപി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്, ദേശീയ കൗൺസിൽ അംഗം എം എസ് ശ്യാംകുമാർ, വൈസ് പ്രസിഡന്‍റ്മാരായ സുരേന്ദ്രനാഥ്, ബി ശ്രീകുമാർ, ശശികലറാവു, സെക്രട്ടറി മോൻസി ദാസ്, ജനറൽ സെക്രട്ടറി മോനിഷ തുടങ്ങിയവരാണ് റോഡ് ഷോയ്‌ക്ക് നേതൃത്വം നൽകിയത്.
ALSO READ : കൊല്ലത്ത് എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിനെ തടഞ്ഞ് എസ്‌എഫ്‌ഐ ; ചന്ദനത്തോപ്പ് ഐടിഐയിൽ സംഘർഷം