തിരുവനന്തപുരം : എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ മിന്നല്‍ സമരത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ തേടാന്‍ കഴിയാതെ ഒമാനില്‍ തിരുവനന്തപുരം സ്വദേശി മരിച്ച സംഭവത്തില്‍ പ്രതിഷേധം. പ്രവാസിയായ നമ്പി രാജേഷിന്‍റെ മൃതദേഹവുമായാണ് കുടുംബം പ്രതിഷേധിക്കുന്നത്. ഈഞ്ചയ്‌ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫിസിന് മുമ്പിലാണ് കുടുംബത്തിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.
ഇന്ന് (മെയ് 16) രാവിലെയാണ് രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മെയ് 8 നാണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ സമരം കാരണം യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം സർവീസ് റദ്ദാക്കുകയും ചെയ്‌തു. ഇതോടെ യാത്ര മുടങ്ങി. തുടര്‍ന്ന് രോഗം മൂർച്ഛിച്ച രാജേഷ് 13ന് രാവിലെ മരിച്ചു.
ഇതിന് പിന്നാലെയാണ് മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കുടുംബത്തിന് മറ്റ് വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയേ മതിയാകൂവെന്നും അച്ഛൻ രവി പറഞ്ഞു. കരമന സ്വദേശിയാണ് മരിച്ച രാജേഷ്. പ്രതിഷേധത്തിന് ശേഷം കരമനയിലെ വീട്ടിൽ പൊതുദര്‍ശനം നടക്കും. തുടർന്ന് സംസ്‌കാര ചടങ്ങുകളും നടത്തും.