തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ, ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തും മന്ത്രിമാർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി ആരോടും പറയാതെ കുറെ ദിവസം വിദേശത്ത് ആയിരുന്നു. അതിനെക്കുറിച്ച് ഒരു ചർച്ചയും മാധ്യമങ്ങളിൽ കണ്ടില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
രാഷ്ട്രീയ രംഗത്തും ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് അവരുടെ സ്വന്തം ചെലവിൽ കുടുംബസമേതം വിദേശത്ത് പോകാറുണ്ട്. സ്വന്തം കാശ് മുടക്കി സിപിഎമ്മുകാർക്ക് മാത്രം വിദേശയാത്ര പോകാൻ പറ്റില്ല എന്ന നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വി എസ് ശിവകുമാർ 4 തവണ വിദേശ യാത്ര നടത്തി.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അമേരിക്കയിലേക്കുള്ള മൂന്ന് യാത്ര അടക്കം 11 വിദേശയാത്രയും, രമേശ് ചെന്നിത്തല ആറും, പി കെ കുഞ്ഞാലിക്കുട്ടി പത്തൊൻപതും, എം കെ മുനീർ 24ഉം, ഷിബു ബേബി ജോൺ 12ഉം വിദേശയാത്ര നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രി ചുമതല കൈമാറേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിക്ക് വിദേശ യാത്ര പോകാനുള്ള ആസ്‌തിയൊക്കെ ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ഖജനാവിൽ നിന്ന് പണമെടുത്താണോ പോയതെന്ന ചോദ്യത്തിനോട്, ഇത് വെള്ളരിക്കപ്പട്ടണം വല്ലതുമാണോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. യാത്രയെ കുറിച്ച് ഗവർണറെ അറിയിക്കേണ്ട കാര്യമില്ലെന്നും ഗവർണർ എല്ലാ കാര്യങ്ങളും സർക്കാരിനെ അറിയിച്ചിട്ടാണോ ചെയ്യുന്നതെന്നും ശിവൻകുട്ടി ചോദിച്ചു.