തിരുവനന്തപുരം: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായാകും. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്. മലേക്കുരിശ് ദയറാ കത്തീഡ്രലിൽ വച്ചായിരുന്നു പ്രഖ്യാപനം.
അന്തരിച്ച ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ പിൻഗാമിയായാണ് ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തായെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവായായി തെരെഞ്ഞെടുത്തത്.
ഒക്‌ടോബർ 31ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ മരണത്തിന് ശേഷം പുതിയ കാതോലിക്ക ബാവയെ സഭ നിയമിച്ചിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ മലങ്കര മെത്രപ്പൊലീത്തയും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്‍റുമാണ് ജോസഫ് മാർ ഗ്രിഗോറിയോസ്. പുതിയ ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീടായിരിക്കും നടത്തുക. ഏറെ വെല്ലുവിളികളുള്ള കാലത്താണ് ഈ നിയോഗമെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു.
ശനിയാഴ്‌ചയാണ് പാത്രിയർക്കീസ് ബാവ കൊച്ചിയിലെത്തിയത്. അന്തരിച്ച കാതോലിക്കാ ബാവയുടെ 40-ാം ചരമ ദിനമായ തിങ്കളാഴ്‌ച, പുത്തൻകുരിശ് പാത്രിയർക്കൽ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്ന കുർബാനയിൽ പാത്രിയർക്കീസ് ബാവ പങ്കെടുക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു.
ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത
മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവകയിലെ പരേതരായ വർഗീസിൻ്റേയും സാറാമ്മയുടേയും നാലാമത്തെ മകനായി 1960 നവംബർ 10 ന് ആണ് ജനനം. 13-ാം വയസിൽ പെരുമ്പള്ളിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് ശെമ്മാശ്ശ പട്ടം സ്വീകരിച്ചു.
പെരുമ്പള്ളി പ്രൈമറി സ്‌കൂൾ, മുളന്തുരുത്തി ഗവൺമെന്‍റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പിള്ളി മോർ യൂലിയോസ് സെമിനാരിലാണ് വൈദീക പഠനം നടത്തിയത്.
എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം കരസ്ഥമാക്കി. അയർലൻ്റിലെ ഡബ്ലിൻ സെന്‍റ് പാട്രിക് കോളജിൽ നിന്ന് വേദശാസ്‌ത്രത്തിൽ ബിരുദവും നേടി. ഡബ്ലിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം ഫിലും അമേരിക്കയിൽ നിന്ന് ക്ലിനിക്കൽ പാസ്‌റ്ററൽ ആൻഡ് കൗൺസിലിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കി.
23-ാം വയസിൽ ബസേലിയസ് ദ്വിതീയൻ കാതോലിക്കാ ബാവ കാശ്‌മീശ പദവിയിലേക്ക് ഉയർത്തി. ബാംഗ്ലൂർ സെന്‍റ് മേരീസ് പള്ളി വികാരിയായി നാല് വർഷം സേവനം അനുഷ്‌ഠിച്ചു. ലണ്ടനിൽ സെന്‍റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിക്ക് തുടക്കം കുറിച്ചു. നാല് വർഷം അവിടെ വികാരിയായി സേവനം അനുഷ്‌ഠിച്ചു.
1993 ഡിസംബർ 22 ന് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി. തോമസ് മോർ ഒസ്‌താത്തിയോസ് മെത്രാപ്പൊലീത്ത വിരമിച്ചതിനെ തുടർന്ന് ഫാ. ജോസഫിനെ മെത്രാപ്പൊലീത്ത സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു.
1994 ജനുവരി 16ല്‍, 33-ാം വയസിൽ ഡമാസ്‌കസിൽ വച്ച് ഇഗ്നാത്തി യോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് നിയമിച്ചു. 27 വർഷം കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി അജപാലന ശുശ്രൂഷ ചെയ്‌ത് വരികയാണ്.
18 വർഷം സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും എക്യുമെനിക്കൽ വേദികളിൽ സഭയുടെ പ്രതിനിധിയായും പ്രവർത്തിച്ചു. ഗൾഫ്-യൂറോപ്യൻ ഭദ്രാസനങ്ങളുടേയും തെക്കൻ ഭദ്രാസനങ്ങളുടേയും അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതലകൾ വഹിച്ചു. നിലവിൽ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റിയായി 2019-ൽ തെരെഞ്ഞെടുക്കപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു.
Also Read: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ