ഇടുക്കി : പോളിങ് ശതമാനത്തിലെ ഇടിവും കേരള കോണ്‍ഗ്രസ് (എം)ന്‍റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്‍റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പും ഞെട്ടലുമുണ്ടാക്കി. ഇടതുകോട്ടയായ ഉടുമ്പന്‍ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാര്‍ഥത്തില്‍ ഉണ്ടായത് യുഡിഎഫ് തേരോട്ടമായിരുന്നു. സിപിഎമ്മിലെ ജോയ്‌സ് ജോര്‍ജുമായി മൂന്നാം അങ്കത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസിന് ഇത് തുടര്‍ച്ചയായ രണ്ടാം ജയമാണ്.
മണ്ഡലത്തിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം (33620). ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് 6760 വോട്ടിന് മുന്നിലെത്തി. മുവാറ്റുപുഴയില്‍ 27,620, കോതമംഗലത്ത് 20,481, ദേവികുളത്ത് 12437, ഇടുക്കിയില്‍ 15,595, പീരുമേട്ടില്‍ 14,641 എന്നിങ്ങനെയാണ് യുഡിഎഫിന്‍റെ ഭൂരിപക്ഷം. നോട്ടക്ക് 9519 വോട്ടും ലഭിച്ചു. 9372 തപാല്‍ വോട്ടുകളില്‍ 2573 വോട്ടിന്‍റെ ഭൂരിപക്ഷം ഡീന്‍ നേടി.
1977ല്‍ ഇടുക്കി ലോകസഭ മണ്ഡലം രൂപീകൃതമായതിന് ശേഷമുളള രണ്ടാമത്തെ കുറഞ്ഞ പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. അത് എല്‍ഡിഎഫിന് പ്രതീക്ഷ പകര്‍ന്നിരുന്നു. 66.55 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 1251189 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തപാല്‍- സര്‍വീസ് വോട്ട് അടക്കം രേഖപ്പെടുത്തിയത് 841286 വോട്ടുകള്‍ മാത്രം.
2019ലെ 76.36 ശതമാനത്തേക്കാള്‍ 9.81 ശതമാനത്തിന്‍റെ കുറവ്. എന്നാല്‍ ഭരണ വിരുദ്ധ വികാരത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ഭൂ പ്രശ്‌നങ്ങളും വന്യജീവി ആക്രമണവും സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഇടുക്കി യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോകസഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് 33746 വോട്ടിന്‍റെ മേല്‍ക്കൈ ഉണ്ടായിരിക്കെയാണ് ഈ തിരിച്ചടി.
ALSO READ: ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം