തിരുവനന്തപുരം : 2024 ലെ തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് സമാഹരണം നടത്താന്‍ ഉത്തരവ്. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറുടെ അക്കൗണ്ടിലേക്ക് തുക കൈമാറാനാണ് ഉത്തരവിറക്കിയത് (Fundraising For Panchayat Day). തദ്ദേശ ദിനാഘോഷത്തിന്‍റെ ചിലവിനായി ഗ്രാമപഞ്ചായത്തുകള്‍ 30,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ 70,000 രൂപയും ജില്ലാ പഞ്ചായത്തുകള്‍ 2 ലക്ഷം രൂപയും, മുനിസിപ്പാലിറ്റികള്‍ 1,25,000 രൂപയും നഗരസഭകള്‍ 5 ലക്ഷം രൂപയുമാണ് കൈമാറേണ്ടത്.
സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളും സ്വന്തം ചിലവിനായി തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ വര്‍ഷവും തദ്ദേശ ദിനാഘോഷത്തിന് തുക കണ്ടെത്താന്‍ തദ്ദേശ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 6 നഗരസഭകള്‍, 87 മുനിസിപ്പാലിറ്റികള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെയാണുള്ളത്.
കണക്കുപ്രകാരം 3,44,95000 രൂപ തദ്ദേശ ദിനാഘോഷത്തിനായി സമാഹരിക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിന്‍റെ ഉപജ്ഞാതാവ് ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 നാണ് തദ്ദേശ ദിനമായി ആചരിക്കുന്നത്. മുന്‍പ് പഞ്ചായത്ത് ദിനമായി ആചരിച്ചിരുന്ന ഫെബ്രുവരി 19, 2022 മുതല്‍ തദ്ദേശ സര്‍വീസ് ഏകീകരണം നടപ്പിലാക്കിയത് മുതലായിരുന്നു തദ്ദേശ ദിനമായി ആചരിച്ച് തുടങ്ങിയത്. ഇതോടെ ത്രിതല പഞ്ചായത്തുകളില്‍ നിന്ന് മാത്രം നടത്തിയിരുന്ന പണപ്പിരിവില്‍ നഗരസഭകളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.