കണ്ണൂര്‍ : സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളി മാധ്യമ പ്രവര്‍ത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ജോണ്‍ മുണ്ടക്കയത്തിന്‍റേത് വെറും ഭാവനകള്‍ മാത്രമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കേസിനെ കുറിച്ച് ഇത്രയും വിവരങ്ങള്‍ അറിയുമായിരുന്നെങ്കില്‍ അന്ന് വാര്‍ത്തയാക്കേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് തന്നെ ആദ്യമായി ബന്ധപ്പെടുന്നത്. സിപിഎം നേതൃത്വത്തോട് സമരം തീരാൻ എന്ത് ഒത്തുതീർപ്പിനും തയാറാണെന്നും ദയവ് ചെയ്‌ത് സമരം അവസാനിപ്പിക്കണം എന്നും തിരുവഞ്ചൂർ അഭ്യർഥിച്ചുവെന്നും ബ്രിട്ടാസ് പറയുന്നു. ഇതേ തുടർന്ന് പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടു. പാർട്ടിയുടെ അനുമതിയോടെയാണ് മുഖ്യമന്ത്രിയെ താൻ കണ്ടതെന്നും ബ്രിട്ടാസ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് തിരുവഞ്ചൂര്‍ താനുമായി സംസാരിച്ചതെന്നും ഇക്കാര്യത്തില്‍ താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. വിഷയം അറിയുന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് ചെറിയാന്‍ ഫിലിപ്പെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമായിരുന്നു സിപിഎമ്മിന്‍റെ ആവശ്യമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് സിപിഎമ്മാണെന്നും ഇതിനായി ജോണ്‍ ബ്രിട്ടാസ് താനുമായി ബന്ധപ്പെട്ടുവെന്നുമായിരുന്നു ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. സിപിഎം നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടാസ് താനുമായി ബന്ധപ്പെട്ടത്.
സോളാര്‍ സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന്‍റെ മുമ്പിലുണ്ടായ സമരത്തിനിടെയാണ് ഒത്തുതീര്‍പ്പാക്കാന്‍ താനുമായി ബന്ധപ്പെട്ടത്. സമരത്തിനിടെ വിളിച്ച ബ്രിട്ടാസ് സമരം അവസാനിപ്പിക്കണ്ടേയെന്ന് ചോദിച്ചു. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചുപറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി. സമരം അവസാനിപ്പിക്കണ്ടേയെന്ന ചോദ്യത്തിന് അതെന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍ കാരണമെന്ന് ചോദിച്ചെങ്കിലും മറുപടി നല്‍കിയില്ലെന്നുമാണ് ജോണ്‍ മുണ്ടക്കയം പറഞ്ഞത്.