പത്തനംത്തിട്ട : ഏറത്തു പഞ്ചായത്തിലെ വയല പരുത്തിപ്പാറയിൽ കാട്ടു പന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള പുരയിടത്തിലെ കിണറ്റിൽ വീണ വീട്ടമ്മ കിണറിനുള്ളിൽ കിടന്നത് ഒരു രാത്രിയും പകലും. ഒരു ദിവസത്തിന് ശേഷം ഫയർ ഫോഴ്‌സ് എത്തിയാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത് (House Wife Terrified By The Wild Boar And Fell Into The Well).
ഏറത്തു വയല പരുത്തിപ്പാറ പ്ലാവിളയിൽവീട്ടിൽ ബാബുവിന്‍റെ ഭാര്യ എലിസബത്ത് ബാബു (58) ആണ് 50 അടിയോളം താഴ്‌ചയുള്ളതും 5 അടിയോളം വെള്ളം ഉള്ളതുമായ കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ എലിസബത്തിനെ കാണാതാകുകയായിരുന്നു. പന്നി ശല്യം രൂക്ഷമായ പ്രദേശമാണിവിടം. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി ഓടിയ എലിസബത്ത് നെറ്റ് ഇട്ട് മൂടിയ കിണറിന് മുകളിലേക്ക് ഓടിക്കയറിയപ്പോൾ നെറ്റ് പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
എന്നാൽ എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനു വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. അന്വേഷണത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ അടുത്തുള്ള പുരയിടത്തിലെ കിണറ്റീൽ നിന്നും ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് എലിസബത്ത് കിണറ്റിൽ അകപ്പെട്ട വിവരം അറിയുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് നാട്ടുകാർ വിവരം അടൂർ ഫയർ ഫോഴ്‌സിൽ അറിയിക്കുന്നത്. ഫയർ ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി രക്ഷ പ്രവർത്തനം ആരംഭിച്ചു.
ഗ്രേഡ് എഎസ്‌സ്ഒ അജികുമാർ, ഫയർ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി എലിസബത്തിനെ നെറ്റിൻ്റെ സഹായത്തോടെ പുറത്തെത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം ഒരു ദിവസത്തോളം കിണറ്റില് അകപ്പെട്ട് അവശയായ എലിസബത്തിനെ ഉടൻ അടൂർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.