തിരുവനന്തപുരം : ഗവർണർ സർക്കാർ പോരിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി ചായ പങ്കിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യ വിവരാവകാശ കമ്മിഷണറുടെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സത്‌കാരം മുഖ്യമന്ത്രി സ്വീകരിച്ചത്. നേരത്തെ ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടന്നപ്പോൾ മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാതെയും സത്‌കാരം ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.
പിന്നീട് നയപ്രഖ്യാപനത്തിനായി നിയമസഭയിൽ വന്നപ്പോഴും ഇരുവരുടെയും പോരിന് അയവുണ്ടായിരുന്നില്ല. റിപ്പബ്ലിക് ദിന പരിപാടിയിലും തർക്കം രൂക്ഷമായിരുന്നു. ഗവർണർ രാജ്ഭവനിൽ നടത്തിയ സത്‌കാരത്തിലും മുഖ്യമന്ത്രിയും മന്ത്രിമാർ പങ്കെടുത്തിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലെ ബിരുദധാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വേദിയിലിരുത്തി സർക്കാരിന്‍റെ നിയമനത്തെ വിമർശിച് മണിക്കൂറുകൾക്കുള്ളിലാണ് മുഖ്യമന്ത്രി സത്‌കാരം സ്വീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മിഷണർ വി ഹരിനാരായണന്‍റെ സത്യപ്രതിജ്ഞയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്.
മുഖ്യമന്ത്രിയെ കൂപ്പുകൈകളോടു കൂടിയാണ് ഗവർണർ സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറിൽ നിന്നും മുഖ്യമന്ത്രി നിറ ചിരിയോടെയാണ് കേക്ക് വാങ്ങിയത്. ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി അരമണിക്കൂറോളം രാജ്ഭവനിൽ ചെലവഴിച്ചാണ് മടങ്ങിയത്.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ വി ശിവൻകുട്ടി, കെബി ഗണേഷ് കുമാർ, ജിആർ അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗവർണറുടെ ഫേസ്‌ബുക്ക് പേജ് വഴിയാണ് ചടങ്ങിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് നാടകമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചായ സത്‌കാരം നടന്നത്.